ടെഹരൻ : ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം ശക്തമായ ഇടപെടൽ നടത്തുന്നു. ഡിസംബർ എട്ടിന് യുഎഇ ആസ്ഥാനമായുള്ള കമ്പനിയുടെ കപ്പൽ അന്താരാഷ്ട്ര അതിർത്തിയിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തതോടെയാണ് 16 ഇന്ത്യൻ നാവികർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായത്. കപ്പലിലെ ജീവനക്കാരെ ഇറാൻ ജയിലിലേക്ക് മാറ്റിയതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ, ഇവരുടെ മോചനം വേഗത്തിലാക്കണമെന്നും നാവികർക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അവസരം നൽകണമെന്നും ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
കപ്പലിൽ ഇന്ധനക്കടത്ത് നടന്നുവെന്ന ആരോപണമുയർത്തിയാണ് ഇറാൻ കപ്പൽ പിടിച്ചെടുത്തത്. എന്നാൽ കപ്പലിൽ മതിയായ ഭക്ഷണവും വെള്ളവും ഇല്ലാത്ത അവസ്ഥയാണെന്നും ജീവനക്കാരുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് കപ്പലിലേക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങൾ എത്തിച്ചു. നിലവിൽ ഇറാനിലെ ആഭ്യന്തര സാഹചര്യം കലുഷിതമായ പശ്ചാത്തലത്തിൽ, നാവികരുടെ സുരക്ഷ മുൻനിർത്തി നയതന്ത്രതലത്തിലുള്ള ചർച്ചകൾ ഇന്ത്യ ഊർജിതമാക്കിയിരിക്കുകയാണ്.
നാവികർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കാനും ഇറാനിലെ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി അവരെ നാട്ടിലെത്തിക്കാനുമാണ് വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നത്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും ബന്ദർ അബ്ബാസിലെ കോൺസുലേറ്റും ഇറാൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥർക്ക് നാവികരെ നേരിട്ട് കാണാനുള്ള അനുമതിക്കായി (Consular Access) ഇന്ത്യ സമ്മർദ്ദം ചെലുത്തിവരികയാണ്. ഉടൻ തന്നെ അനുകൂലമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാവികരുടെ കുടുംബങ്ങൾ.









