ഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും തമ്മിലുള്ള നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് ‘മദർ ഓഫ് ഓൾ ഡീല്‍സ്’ അഥവാ ‘കരാറുകളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഉഭയകക്ഷി ഉടമ്പടി യാഥാർത്ഥ്യമായത്. രണ്ട് പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനും ഒടുവിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് വിപണികൾ ഒന്നിച്ച് പുതിയൊരു സാമ്പത്തിക യുഗത്തിന് തുടക്കമിടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ കരാറിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വസ്ത്രങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഔഷധങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് യൂറോപ്യൻ വിപണിയിലേക്ക് ഇനി തടസ്സങ്ങളില്ലാതെ പ്രവേശിക്കാം. ഏകദേശം 45 കോടി ജനങ്ങൾ വസിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലേക്ക് നികുതിയില്ലാതെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയുന്നത് ഇന്ത്യയുടെ തൊഴിൽ മേഖലയ്ക്കും വ്യവസായ രംഗത്തിനും വൻ കുതിച്ചുചാട്ടം നൽകും.
ഇന്ത്യൻ വിപണിയിലേക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദ്യകളും ആഡംബര വസ്തുക്കളും കുറഞ്ഞ നിരക്കിൽ എത്താൻ ഈ കരാർ വഴിയൊരുക്കും. കാർഷിക-വാഹന മേഖലകളിൽ ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയ്യാറായതാണ് കരാർ വേഗത്തിലാക്കാൻ സഹായിച്ചത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കൾ വിശിഷ്ടാതിഥികളായി എത്തിയ വേളയിൽ തന്നെ ഇത്തരമൊരു കരാർ ഒപ്പിട്ടത് ഇന്ത്യയുടെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു.
യൂറോപ്യൻ ഉപകരണങ്ങൾക്ക് വലിയ വിലക്കുറവ് വരുമെന്നതാണ് കരാറിന്റെ സുപ്രധാന നേട്ടം. പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.യൂറോപ്യൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും. യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും ഉപകരണങ്ങൾക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാർമ ഉൽപനങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്യൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ സാധ്യമാക്കാം.













