ഗാസയിലെ വെടിനിർത്തലിന് ശേഷമുള്ള സമാധാന നടപടികൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ (Board of Peace) സമിതിയിലേക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. ഗാസയുടെ ഭരണ മേൽനോട്ടത്തിനായി ട്രംപ് നേരത്തെ പ്രഖ്യാപിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഘടനയിൽ ഖത്തറിനെയും തുർക്കിയെയും ഉൾപ്പെടുത്തിയതിനെതിരെ ഇസ്രയേൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഈ തർക്കങ്ങൾ നിലനിൽക്കെത്തന്നെ സമാധാന ബോർഡിന്റെ ഭാഗമാകാൻ നെതന്യാഹു തീരുമാനിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അറുപതോളം രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് ട്രംപ് ഈ ബോർഡ് വിഭാവനം ചെയ്തിരിക്കുന്നത്. ഗാസയുടെ പുനർനിർമ്മാണം, സുരക്ഷാ മേൽനോട്ടം, വിദേശ നിക്ഷേപം ആകർഷിക്കൽ എന്നിവയ്ക്കാണ് ബോർഡ് മുൻഗണന നൽകുന്നത്. യുഎഇ, അർജന്റീന, ഹംഗറി, മൊറോക്കോ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം ബോർഡിന്റെ ഭാഗമാകുമെന്ന് അറിയിച്ചു കഴിഞ്ഞു. ഇന്ത്യയുൾപ്പെടെയുള്ള പല പ്രമുഖ രാജ്യങ്ങളും ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഎൻ ഏജൻസികളെ മറികടന്ന് പുതിയൊരു സമാന്തര സംവിധാനമായി ഈ ബോർഡ് മാറുമോ എന്ന ആശങ്കയും ആഗോളതലത്തിൽ ഉയരുന്നുണ്ട്.
ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പശ്ചാത്തലത്തിൽ ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കം. സമാധാന ബോർഡിന് കീഴിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ടോണി ബ്ലെയർ, ജാരെഡ് കുഷ്നർ തുടങ്ങിയ പ്രമുഖർ അംഗങ്ങളാണ്. ഖത്തറിനും തുർക്കിക്കും നൽകിയ പങ്കാളിത്തത്തെ ചൊല്ലിയുള്ള ഇസ്രയേലിന്റെ അതൃപ്തി ട്രംപ് തള്ളിയതായാണ് സൂചനകൾ. വരും ദിവസങ്ങളിൽ കൂടുതൽ ലോകനേതാക്കൾ ബോർഡുമായി സഹകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഗാസയിലെ സമാധാന നീക്കങ്ങളുടെ വിജയം.













