ഫിലാഡല്‍ഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ 2026-27 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ലിജോ ജോര്‍ജിനെ പ്രസിഡന്റായും അബിന്‍ സെബാസ്റ്റ്യനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. റോജിഷ് സാമുവല്‍- ട്രഷറര്‍ , സുധ കര്‍ത്താ -വൈസ് പ്രസിഡന്റ് ,ജോര്‍ജ് ഓലിക്കല്‍ -ജോയിന്റ് സെക്രട്ടറി സജു വര്‍ഗീസ് -ജോയിന്റ് ട്രഷറര്‍ എന്നിവരായിരിക്കും മറ്റു ഭാരവാഹികള്‍.
പമ്പ കമ്മ്യൂണിറ്റി സെന്ററില്‍ പ്രസിഡന്റ് അരുണ്‍ കോവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റായി തിരെഞ്ഞെടുത്ത ലിജോ ജോര്‍ജ് ഫിലാഡല്‍ഫിയയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. പ്രവാസി ചാനലിന്റെ റീജിയണല്‍ ഡയറക്ടര്‍ ആയ ലിജോ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ(മാപ്പ്) യുടെ 2025 ലെ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നു. റീയല്‍ എസ്റ്റേറ്റ് പ്രൊഫഷണല്‍ ആയ അദ്ദേഹം വൈസ്മെന്‍സ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫ്രീലാന്‍സ് ക്യാമറമാനായ സെക്രട്ടറി അബിന്‍ സെബാസ്റ്റ്യന്‍ ഇപ്പോള്‍ ഏഷ്യനെറ്റ് ചാനലിനായി സജീവമായി പ്രവര്‍ത്തിക്കുന്നു. ബയോമെഡിക്കല്‍ പ്രൊഫെഷണല്‍ ആയ അബിന്‍ ഫിലാഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ച് മീഡിയ കോര്‍ഡിനേറ്ററാണ്.
ട്രെഷറര്‍ റോജിഷ് സാമുവല്‍ ഫ്ളവേഴ്സ് ടിവി റീജിയണല്‍ കാമറ മാന് ആയി പ്രവര്‍ത്തിക്കുന്നു. എക്യൂമെനിക്കല്‍ മലയാളി അസോസിയേഷന്‍, മാര്‍ത്തോമാ റീജിയണല്‍ നേതൃത്വം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഐ പി സി എന്‍ എ ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെന്റെ മുന്‍ പ്രസിഡണ്ട്, ഫിലാഡല്‍ഫിയയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുധ കര്‍ത്താ ആണ് വൈസ് പ്രെസ്ഡിഎന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ട്രൈസ്റ്റേറ്റ് അസോസിയേഷന്‍, ഫൊക്കാന എന്നീ സംഘടനകളില്‍ സജീവമായ സീനിയര്‍ പ്രവര്‍ത്തകനാണ് സുധ കര്‍ത്താ.
ഫിലഡെഫിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് ജോയിന്റ് സെക്രെട്ടറിയായി തിരഞ്ഞെടുത്ത ജോര്‍ജ് ഓലിക്കല്‍. ട്രൈസ്റ്റേറ്റ് അസോസിയേഷന്‍, ഫൊക്കാന എന്നീ സംഘടനകളില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നു.
വീഡിയോഗ്രഫി രംഗത്തെ അതികായനാണ് ജോയിന്റ് ട്രെഷറര്‍
സാജു ലെന്‍സ്മാന്‍. മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡെല്‍ഫിയയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്ന സാജു ഫോമായിലെ സജീവ സാന്നിധ്യം കൂടിയാണ്.
മുന്‍ ഐ പി സി എന്‍ എ ജനറല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍, അരുണ്‍ കോവാട്ട്, സുമോദ് നെല്ലിക്കാല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
New members for the IPCNA Philadelphia Chapter: Lijo George President, Abin Sebastian Secretary










