തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനത്തിൽ നിർണ്ണായക മാറ്റം വരുന്നു. സംസ്ഥാനത്ത് ഇനി നിർമ്മിക്കാനുള്ള മേൽപ്പാലങ്ങൾ മണ്ണുനിറച്ച സംരക്ഷണ ഭിത്തികൾക്ക് (Wall model) പകരം തൂണുകളിൽ (Pillars) നിർമ്മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിലവിലെ നിർമ്മാണ രീതി പലയിടത്തും പ്രായോഗിക ബുദ്ധിമുട്ടുകൾക്കും അപകടങ്ങൾക്കും കാരണമാകുന്നത് കണക്കിലെടുത്താണ് ഈ പുതിയ തീരുമാനം.
ഹൈവേകളിൽ തൂണുകളിൽ പാലങ്ങൾ നിർമ്മിക്കുന്നത് യാത്ര കൂടുതൽ സുഗമമാക്കുമെന്നും വലിയ സഹായമാകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നിർമ്മാണ രീതിയിലെ മാറ്റം സംബന്ധിച്ച ജനങ്ങളുടെ പരാതികൾ കേന്ദ്രമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഈ ഉറപ്പ് ലഭിച്ചത്. ഇത് കേരളത്തിലെ റോഡ് വികസനത്തിന് പുതിയ വേഗതയും സുരക്ഷയും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ടും ശുഭവാർത്തയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിക്ക് ഫെബ്രുവരി – മാർച്ച് മാസത്തോടെ അന്തിമ അംഗീകാരം ലഭിക്കും. ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാര തുക കൃത്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. നിർമ്മാണ രീതിയിലെ മാറ്റവും പുതിയ റിംഗ് റോഡ് പദ്ധതിയും വരുന്നതോടെ കേരളത്തിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ വിപ്ലവമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













