തിരുവനന്തപുരം: പീഡനക്കേസുകളിൽ പ്രതിയായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയുടെ ഭാഗത്തുനിന്നും കടുത്ത നടപടികൾക്ക് സാധ്യത. മൂന്നാമത്തെ പരാതിയിൽ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വിഷയത്തിൽ സ്പീക്കർ നിയമോപദേശം തേടുമെന്ന് അറിയിച്ചു. തുടർച്ചയായി ഗുരുതരമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ എം.എൽ.എ സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.
രാഹുലിനെതിരെയുള്ള പരാതികൾ നിയമസഭയുടെ എത്തിക്സ് ആന്റ് പ്രിവില്ജസ് കമ്മിറ്റി പരിശോധിക്കും. നിയമസഭയുടെ അന്തസ്സിനും മൂല്യങ്ങൾക്കും നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഒരു ജനപ്രതിനിധിയിൽ നിന്നും ഉണ്ടായോ എന്നാണ് സമിതി പ്രധാനമായും പരിശോധിക്കുക. വിദേശത്ത് താമസിക്കുന്ന യുവതി ഇ-മെയിൽ വഴി നൽകിയ മൊഴിയും കൈമാറിയ തെളിവുകളും സമിതിയുടെ പരിഗണനയ്ക്ക് വന്നേക്കും.
അയോഗ്യത കൽപ്പിക്കുന്നത് സംബന്ധിച്ച നിയമവശങ്ങൾ പരിശോധിക്കാൻ അഡ്വക്കേറ്റ് ജനറലിൽ നിന്നടക്കം സ്പീക്കർ ഉപദേശം തേടിയേക്കും. നേരത്തെ കോൺഗ്രസ് പാർട്ടി രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെങ്കിലും എം.എൽ.എ എന്ന നിലയിൽ അദ്ദേഹം തുടരുന്നതിനെതിരെയാണ് സ്പീക്കറുടെ നീക്കം. സംഭവത്തിൽ സഭാനടപടികൾ വേഗത്തിലാക്കാൻ സ്പീക്കർ നിർദ്ദേശം നൽകിയിട്ടുണ്ട്.












