പത്തനംതിട്ട: മൂന്നാമത്തെ പീഡന പരാതിയിൽ അറസ്റ്റിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയ മജിസ്ട്രേറ്റ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിദേശത്തുള്ള പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി. രാഹുലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചു.
വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ക്രൂരമായ പീഡനം, സാമ്പത്തിക ചൂഷണം, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. യുവതി ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ പ്രഥമദൃഷ്ട്യാ ഗൗരവകരമാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
റിമാൻഡ് ചെയ്ത രാഹുലിനെ സുരക്ഷാ കാരണങ്ങളാൽ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു. എം.എൽ.എ എന്ന നിലയിലുള്ള പരിഗണനകൾ ജയിലിൽ ലഭിക്കുമെങ്കിലും കനത്ത പോലീസ് കാവലിലാകും ഇദ്ദേഹത്തെ കൊണ്ടുപോവുക. ഇതോടെ രാഹുലിനെതിരെ നിലവിലുള്ള മൂന്ന് കേസുകളിലും അന്വേഷണം ഊർജിതമാക്കാൻ ഒരുങ്ങുകയാണ് പോലീസ് സംഘം.













