പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശൻ, സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങലല്ലേ എന്ന് അദ്ദേഹം ചോദിച്ചു. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരു നേതാവില്ലെന്നും, വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് ഒരു യോഗ്യതയുമില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും ഇത്തരം നിലപാടുകൾ തുടർന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി ലഭിക്കുമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
കെപിസിസി പ്രസിഡന്റ് നോക്കുകുത്തിയാണോ എന്ന് ചോദിച്ച അദ്ദേഹം, നയപരമായ കാര്യങ്ങളിൽ മറുപടി പറയാൻ സതീശന് എന്താണ് അധികാരമെന്നും വിമർശിച്ചു. വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എൻഎസ്എസ് ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് സംവരണ വിഷയത്തിലുണ്ടായിരുന്ന തടസ്സങ്ങൾ ഇപ്പോൾ നിലവിലില്ല. അടിസ്ഥാന മൂല്യങ്ങൾ കൈവിടാതെയും രാഷ്ട്രീയമില്ലാതെയും ‘സമദൂര’ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടും സമുദായങ്ങൾക്കിടയിലെ ഐക്യത്തിനായി എൻഎസ്എസ് സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താാൻ ഒരിക്കലും മുസ്ലിം വിരോധിയല്ലെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, മുസ്ലിം ലീഗിനെ വിമർശിക്കുന്നത് മുസ്ലിം സമുദായത്തെ വിമർശിക്കലായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും പറഞ്ഞു. മുസ്ലിം ലീഗ് എന്നാൽ മുഴുവൻ മുസ്ലിങ്ങളുമല്ല. എൻഎസ്എസിന് പാർലമെന്ററി മോഹങ്ങളില്ലെന്നും രാഷ്ട്രീയക്കാർ സമുദായങ്ങളെ ആക്ഷേപിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ സതീശനെതിരെ നടത്തിയ കടുത്ത പരാമർശങ്ങൾക്ക് പിന്നാലെ എൻഎസ്എസും സമാന നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.









