തിരുവനന്തപുരം: സംസ്ഥാനത്തെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അർഹരായ എല്ലാ സ്ത്രീകൾക്കും ക്ഷേമ പദ്ധതികളുടെ ഗുണഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗികാരം.
നിലവിൽ ചില സാങ്കേതിക കാരണങ്ങളാൽ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കന്യാസ്ത്രീ മഠങ്ങളിൽ താമസിക്കുന്നവരിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പ്രായമായവരുമായ നിരവധി പേരുണ്ട്. ഇവർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലെ തടസ്സങ്ങൾ നീക്കാനാണ് പുതിയ തീരുമാനം.
അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ള ശമ്പളം, പെൻഷൻ, സർക്കാരിന്‍റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്ത സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും. ഇവർക്ക് 2001 ലെ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
സംസ്ഥാന ബജറ്റിന് മുന്നോടിയായി ചേർന്ന ഈ മന്ത്രിസഭാ യോഗം വിവിധ ജനവിഭാഗങ്ങൾക്ക് ഗുണകരമാകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.













