വെള്ളാപ്പള്ളിയെ തള്ളി എം.വി. ഗോവിന്ദൻ; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കുക പിണറായി തന്നെ

വെള്ളാപ്പള്ളിയെ തള്ളി എം.വി. ഗോവിന്ദൻ; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കുക പിണറായി തന്നെ

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങളെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നത് മതനിരപേക്ഷ കേരളത്തിന് ഒട്ടും യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ മുൻകാലങ്ങളിലെ മതനിരപേക്ഷ നിലപാടുകളെ പാർട്ടി പിന്തുണച്ചിട്ടുണ്ട്, എന്നാൽ ഇപ്പോഴത്തെ അധിക്ഷേപകരമായ പ്രസ്താവനകളെ പിന്തുണയ്ക്കേണ്ട യാതൊരു കാര്യവും സി.പി.ഐ.എമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് വ്യക്തമായ സൂചനകളും എം.വി. ഗോവിന്ദൻ നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെയാകും ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുക. അദ്ദേഹം മത്സരരംഗത്തുണ്ടെങ്കിലും ഇല്ലെങ്കിലും നേതൃനിരയിലെ ഏറ്റവും പ്രധാനി പിണറായി വിജയൻ തന്നെയായിരിക്കുമെന്നും ഗോവിന്ദൻ ഉറപ്പിച്ചു പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫ് സജ്ജമാണെന്നും സംഘടനാപരമായ മുന്നൊരുക്കങ്ങൾ ഇതിനകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് നിലവിൽ യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിൽ വസ്തുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ.എമ്മോ ഇടതുമുന്നണിയോ ഇത്തരം കാര്യങ്ങൾ ഇപ്പോൾ പരിഗണിച്ചിട്ടില്ല. നവോത്ഥാന പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ സ്വീകരിക്കുന്ന ശരിയായ നിലപാടുകളെ മാത്രമേ പാർട്ടി അംഗീകരിക്കുകയുള്ളൂവെന്നും തെറ്റായ പ്രവണതകളെ എതിർക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.


Share Email
LATEST
More Articles
Top