പാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാമതൊരു ലൈംഗിക പീഡന പരാതി കൂടി ലഭിച്ചതിനെ തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് ശനിയാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് പത്തനംതിട്ടയിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. നിലവിൽ വിദേശത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ വിവാഹിത ഇ-മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൊഴി രേഖപ്പെടുത്തിയ ശേഷം രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റി.
ക്രൂരമായ ശാരീരിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും രാഹുൽ തന്നെ ഇരയാക്കിയെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. തന്നെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും, ഇതിനായുള്ള സമ്മർദ്ദം ചെലുത്തുന്ന തെളിവുകൾ തന്റെ കൈവശമുണ്ടെന്നും യുവതി പോലീസിനെ അറിയിച്ചു. കുട്ടി തന്റേതല്ലെന്ന് പറഞ്ഞു.
ഗർഭസ്ഥ ഭ്രൂണത്തിന്റെ ഡി.എൻ.എ പരിശോധനയ്ക്ക് താൻ തയ്യാറായി. എന്നാൽ രാഹുൽ തയ്യാറായില്ലെന്നും ഇതിനുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പോലീസിന്റെ മിന്നൽ നീക്കം.
അതീവ രഹസ്യമായാണ് പോലീസ് സംഘം ഹോട്ടലിലെത്തി കസ്റ്റഡി നടപടികൾ പൂർത്തിയാക്കിയത്. ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ പിടിച്ചുവെച്ചും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുപോകാതിരിക്കാൻ ജാഗ്രത പാലിച്ചുമായിരുന്നു നീക്കം. രാഹുലിനെതിരെ നേരത്തെ ഉയർന്ന രണ്ട് പീഡന പരാതികളിൽ കോടതികളിൽ നിന്ന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നിലനിൽക്കെയാണ് മൂന്നാമതൊരു പരാതി കൂടി വരുന്നത്.












