രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽ മോചിതനായി; 18 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തേക്ക്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽ മോചിതനായി; 18 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തേക്ക്

ആലപ്പുഴ: മൂന്നാമത്തെ ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. മാവേലിക്കര സബ് ജയിലിൽ നിന്ന് വൈകുന്നേരത്തോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. വിദേശത്തുള്ള മലയാളി യുവതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ 18 ദിവസമായി റിമാൻഡിലായിരുന്നു. പത്തനംതിട്ട സെഷൻസ് കോടതിയാണ് കർശന വ്യവസ്ഥകളോടെ അദ്ദേഹത്തിന് ഇന്ന് ജാമ്യം അനുവദിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തെത്തിയപ്പോൾ യുവമോർച്ച പ്രവർത്തകർ വലിയ തോതിലുള്ള പ്രതിഷേധവുമായി രംഗത്തെത്തി. ജയിലിന് മുന്നിൽ വെച്ച് എംഎൽഎയുടെ വാഹനത്തിന് നേരെ പ്രവർത്തകർ കോഴിമുട്ടയെറിഞ്ഞു. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജയിൽ മോചിതനായ രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ നേരിട്ട് വീട്ടിലേക്ക് മടങ്ങി.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, സോഷ്യൽ മീഡിയയിലൂടെ പരാതിക്കാരിക്കെതിരെ യാതൊരു ഭീഷണിയും പാടില്ല തുടങ്ങിയ വ്യവസ്ഥകളിലാണ് കോടതി ജാമ്യം നൽകിയത്. രാഹുലിന്റെ അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നുവെന്നും പരാതിക്കാരി മൊഴി നൽകാൻ വൈകിയെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.


Share Email
LATEST
More Articles
Top