കാലിഫോര്‍ണിയ: അതിശക്തമായ മഴയും കനത്ത വേലിയേറ്റവും മൂലം കാലിഫോര്‍ണിയിയിലെ പല മേഖലകളും വെള്ളപ്പൊക്ക ഭീഷണിയില്‍. ഈ മേഖലകളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
പല നദികളും കരകവിഞ്ഞൊഴുകുകയാണ്. റോഡുഗതാഗതം താറുമാറായി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരുമഴയിലും വെള്ളപ്പൊക്കത്തിലും കാലിഫോര്‍ണിയയിലെ പ്രധാന ഹൈവേകളിലെല്ലാം ചെളി അടിഞ്ഞുകൂടി.
അഞ്ച് വടക്കന്‍ കൗണ്ടികള്‍ വെള്ളപ്പൊക്ക നിരീക്ഷണത്തിലാണ്. ഈ മേഖലകളിവല്‍ തിങ്കളാഴ്ച രാത്രി വരെ 7.6 സെന്റീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് യുറേക്കയിലെ ദേശീയ കാലാവസ്ഥാ സേവന ഓഫീസ് പറഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയ്ക്ക് സമീപം കനത്ത മഴയില്‍ സൗസാലിറ്റോ മുതല്‍ സാന്‍ റാഫേല്‍ വരെയുള്ള റോഡുകള്‍ വെള്ളത്തിനടിയിലായി.
ഈ മേഖലയില്‍ ശക്തമായ വേലിയേറ്റവും ഉണ്ടായി. മാരിന്‍, സൊനോമ, അലമേഡ, സാന്‍ മാറ്റിയോ, സാന്‍ ഫ്രാന്‍സിസ്‌കോ കൗണ്ടികളിലും വെള്ളപ്പൊക്കമുണ്ടായി. സാന്താ ബാര്‍ബറ കൗണ്ടിയില്‍ തുടര്‍ച്ചയായ മണ്ണിടിച്ചില്‍ കാരണം ഗോലെറ്റയ്ക്ക് സമീപം തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു.
പ്രധാന ഹൈവേ ഞായറാഴ്ച വീണ്ടും തുറന്നു. കൊടുങ്കാറ്റില്‍ ഒരു അരുവിയിലേക്ക് ഒഴുകിപ്പോയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചുവെന്ന് ഷെരീഫ് ഓഫീസ് ശനിയാഴ്ച അറിയിച്ചു.സാന്താ ബാര്‍ബറ കൗണ്ടിയുടെ ചില ഭാഗങ്ങളില്‍ രണ്ട് ദിവസത്തിനുള്ളില്‍ 10 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചതായി കാലാവസ്ഥാ സേവന വിഭാഗം ഞായറാഴ്ച അറിയിച്ചു.
Rain continues in parts of California reeling from flooding and high tides












