കർഥവ്യ പഥിൽ രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്

കർഥവ്യ പഥിൽ രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർത്തവ്യ പഥിൽ രാജ്യത്തിന്റെ കരുത്തും ശക്തിയും വിളിച്ച് ഓതി റിപ്പബ്ലിക് ദിന പരേഡ്. കർത്തവ്യ പഥിൽ നടക്കുന്ന വർണ്ണാഭമായ പരേഡിൽ ഇന്ത്യയുടെ സൈനിക കരുത്തും ജനാധിപത്യ-സാംസ്കാരിക പൈതൃകവും  ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു.  

യൂറോപ്യൻ യൂണിയന്റെ ഉന്നത നേതാക്കളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി എത്തിയിട്ടുള്ളത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുടെ സാന്നിധ്യം ലോക ശ്രദ്ധ ആകർഷിക്കപ്പെടുന്നു.

അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനുമായി ഇന്ത്യ വലിയ കരാറുകളിൽ ഏർപ്പെടാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ഇവരുടെ സന്ദർശനം നിർണ്ണായകമാണ്.

ഇന്ത്യയുടെ  ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന് 150 വർഷം തികയുന്നു എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണം. 

വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിലേക്ക് ഈ അവസരം പുതിയ ഊർജ്ജവും ആവേശവും പകരണമെന്ന് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പറഞ്ഞു.

അമർ ജവാൻ ജ്യോതിയുടെയും ചരിത്രപ്രധാനമായ ടി-55, വിജയന്ത് ടാങ്കുകൾ, മിഗ്-21, മിറാഷ്, ജഗ്വാർ വിമാനങ്ങൾ എന്നിവയുടെ ത്രീ-ഡി മോഡലുകൾ പരേഡിൽ പ്രദർശിപ്പിക്കുന്നുണ്ട്‌.  

ശാസ്ത്രജ്ഞർ, കർഷകർ, കായികതാരങ്ങൾ, വനിതാ സംരംഭകർ ഉൾപ്പെടെ പതിനായിരത്തോളം പ്രത്യേക അതിഥികൾ പരേഡ് വീക്ഷിക്കാൻ എത്തി. ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ്റ്റനന്റ് ജനറൽ ഭവനീഷ് കുമാർ പരേഡിന് നേതൃത്വം നൽകും. യൂറോപ്യൻ യൂണിയന്റെ ചെറിയൊരു സൈനിക സംഘവും പരേഡിന്റെ ഭാഗമാകുന്നുണ്ട്.

 ഡൽഹിയിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിനായിരത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്മാർട്ട് ഗ്ലാസുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ഘടിപ്പിച്ച 3000-ത്തോളം സിസിടിവി ക്യാമറകൾ എന്നിവ വഴി സുരക്ഷാ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

Share Email
LATEST
Top