യുക്രെയ്ൻ വ്യോമസേനയുടെ പക്കലുള്ള യുഎസ് നിർമിത എഫ്-16 യുദ്ധവിമാനം തകർത്തതായി റഷ്യ അവകാശപ്പെട്ടു. ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിനിടെ റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ വിമാനം വെടിവെച്ചിടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ മിസൈൽ പ്രയോഗത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വിമാനത്തിന് സാധിച്ചെങ്കിലും രണ്ടാമത് തൊടുത്ത മിസൈൽ വിമാനത്തിൽ പതിക്കുകയായിരുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുക്രെയ്‌നിലെ തന്ത്രപ്രധാനമായ ആയുധപ്പുരകളും ഊർജ്ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് റഷ്യൻ സേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രധാന നഗരങ്ങളിൽ ആക്രമണം നടത്തുന്നത്. യുക്രെയ്‌ന്റെ പ്രത്യാക്രമണ ശേഷി കുറയ്ക്കുന്നതിന്റെ ഭാഗമായി വ്യോമത്താവളങ്ങൾക്ക് നേരെയും റഷ്യൻ മിസൈലുകൾ വർഷിച്ചു. ഈ ആക്രമണങ്ങളിൽ യുക്രെയ്‌നിലെ നിരവധി സൈനിക കേന്ദ്രങ്ങൾ തകർന്നതായും റഷ്യ അവകാശപ്പെടുന്നു.
അതേസമയം, യുഎസ് നിർമിത യുദ്ധവിമാനം തകർക്കപ്പെട്ടത് യുക്രെയ്‌ന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യക്കെതിരായ പോരാട്ടത്തിൽ പാശ്ചാത്യ രാജ്യങ്ങൾ നൽകിയ ഏറ്റവും ആധുനികമായ ആയുധങ്ങളിലൊന്നാണ് എഫ്-16 വിമാനങ്ങൾ. എന്നാൽ റഷ്യയുടെ വാദത്തോട് യുക്രെയ്ൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇരുപക്ഷവും കടുത്ത ആക്രമണങ്ങളുമായി മുന്നോട്ട് പോവുകയാണ്.











