കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (SIT) വീണ്ടും കടുത്ത ഭാഷയിൽ വിമർശനവുമായി ഹൈക്കോടതി. കേസിൽ പ്രതിയാക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. “സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്?” എന്ന് ചോദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാടുകളോട് യോജിക്കാനാവില്ലെന്നും വ്യക്തമാക്കി.
‘മകൻ എസ്പിയാണ്, അതാണ് അച്ഛൻ ആശുപത്രിയിൽ’
കേസിൽ പ്രതിചേർക്കപ്പെട്ട അന്ന് മുതൽ ശങ്കരദാസ് ആശുപത്രിയിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ബദ്റുദ്ദീൻ, രൂക്ഷമായ പരിഹാസമാണ് നടത്തിയത്. ശങ്കരദാസിന്റെ മകൻ എസ്പിയാണെന്നും അതുകൊണ്ടാണ് അദ്ദേഹം പ്രതിചേർക്കപ്പെട്ട ഉടൻ ആശുപത്രിയിൽ അഭയം പ്രാപിച്ചതെന്നും കോടതി തുറന്നടിച്ചു. സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണങ്ങൾ. പ്രതികളുടെ ജാമ്യഹർജിയിൽ വിധി പറയുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.
ശങ്കരദാസിന് ബോധമില്ലെന്ന് പ്രതിഭാഗം
അതേസമയം, കൊല്ലം പ്രിൻസിപ്പൽ കോടതിയിൽ ശങ്കരദാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലും നാടകീയമായ വാദങ്ങളാണ് നടന്നത്. ശങ്കരദാസ് നിലവിൽ മെഡിക്കൽ ഐസിയുവിൽ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന്റെ തെളിവായി ഐസിയുവിൽ കിടക്കുന്ന ചിത്രം സഹിതം ഹാജരാക്കി. എന്നാൽ കേസിന്റെ ഗൗരവം പരിഗണിച്ച് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശങ്കരദാസിന്റെ ചികിത്സാ രേഖകൾ ജനുവരി 14-ന് ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.
ചെറിയ ഇരകളെ ഇട്ട് വലിയ മീനുകളെ പിടിക്കുന്നു
ശബരിമലയിലെ സ്പോൺസർമാർക്കെതിരെയും കോടതി വിമർശനം ഉന്നയിച്ചു. അന്വേഷണം ചെറിയ മീനുകളിൽ മാത്രം ഒതുങ്ങുകയാണെന്നും വലിയ സ്രാവുകൾ രക്ഷപ്പെടുകയാണെന്നും കോടതി സൂചിപ്പിച്ചു. 35 ലക്ഷം രൂപ ചെലവഴിച്ച് താൻ ശ്രീകോവിൽ സ്വർണ്ണം പൂശിയെന്നും താനൊരു ഭക്തനാണെന്നും ഗോവർദ്ധൻ വാദിച്ചെങ്കിലും അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമാണെന്ന് കോടതി വിലയിരുത്തി. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു കെ.പി. ശങ്കരദാസ്. കേസിൽ മറ്റൊരു ബോർഡ് അംഗമായിരുന്ന എൻ. വിജയകുമാറിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.













