തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ പ്രതിഷേധം അതിശക്തമാക്കി. രാവിലെ ചോദ്യോത്തരവേള മുതല്‍ പ്രതിഷേധ വുമയാാണ് പ്രതിപക്ഷം സഭാ തലത്തില്‍ എത്തിയത്. ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്നും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം.
പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനം നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പാടിയാണ് പ്രതിഷേധിച്ചത്. സ്പീക്കറെ മറച്ച് പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിഷേധം കടുപ്പിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. പ്രതിഷേധം വകവെയ്ക്കാതെ സ്പീക്കര്‍ സഭാ നടപടികള്‍ തുടര്‍ന്നു.
പ്രത്യേക അന്വേഷണ സംഘത്തിനു നേര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ മന്ത്രി എംബി രാജേഷ് പ്രതികരണവുമായി എത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാത്തതില്‍ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു എംബി രാജേഷിന്റെ പ്രതികരണം. അടിയന്തര പ്രമേയം നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും എംബി രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വെച്ച് നടുത്തളത്തിലിറങ്ങി.
ഇതോടെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എംഎല്‍എമാരും എഴുന്നേറ്റ് നിന്നു. ബാനര്‍ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു കൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രൂക്ഷമായ വാദപ്രതി വാദങ്ങളാണ് സഭയില്‍ നടക്കുന്നത്. പോറ്റി പാട്ടും പ്ലക്കാര്‍ഡുകളിലുണ്ട്.
Sabarimala gold loot: Dramatic scenes in the Assembly; War of words between the ruling and opposition













