ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്‌ഐടി) റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ടാണ് നല്‍കുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരന്‍ കോടതിയില്‍ നേരിട്ടു ഹാജരാകും.

കേസ് ഡിസംബര്‍ മൂന്നിന് പരിഗണിച്ചപ്പോള്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലെന്നു കോടതി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ എസ്‌ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇന്ന് സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് പണ്ടാരി, ഗോവര്‍ധന്‍ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുഹൃത്തായ വിദേശ വ്യവസായിയും ഉന്നയിച്ച അന്തര്‍സംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന അന്വേഷണം നടത്തിയിരുന്നു.

തമിഴ്‌നാട് സ്വദേശി ഡി മണിയെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളും അറിയിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിലവില്‍ എസ്‌ഐടിക്ക് അനുവദിച്ച സമയം ഈ മാസം 17 വരെയാണ്.

Sabarimala gold loot: SIT report to be submitted to High Court today

Share Email
Top