തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ മാറ്റിവെച്ചെന്ന സംശയം ബലപ്പെടുത്തുന്ന നിരീക്ഷണങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളയ്ക്ക് നേതൃത്വം നൽകിയോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. നിലവിലെ പരിശോധനാ റിപ്പോർട്ടുകൾ അതീവ ഗൗരവതരവും ആശങ്കാജനകവുമാണെന്ന് വ്യക്തമാക്കിയ കോടതി, ഇത് ഒരു ആസൂത്രിത കവർച്ചയുടെ സൂചനയാണെന്നും നിരീക്ഷിച്ചു. വിഎസ്‌എസ്‌സി ഉദ്യോഗസ്ഥർ നൽകിയ സാങ്കേതിക റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്താൻ ശാസ്ത്രീയ പരിശോധനകൾ വേണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി ജനുവരി 20-ന് സന്നിധാനത്ത് വീണ്ടും പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നൽകി. വാതിൽപ്പാളികൾ പുതിയതാണോ അതോ പഴയതാണോ എന്ന് തിരിച്ചറിയാനായി അളവുകൾ എടുക്കുന്നതടക്കമുള്ള പരിശോധനകളാണ് നടക്കുക. വിഎസ്‌എസ്‌സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്താനും ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടാനും കോടതി അനുമതി നൽകിയിട്ടുണ്ട്. പഴയ വാതിലുകളും ഇതോടൊപ്പം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
കേസ് അടുത്ത മാസം 9-ന് വീണ്ടും പരിഗണിക്കുമ്പോൾ കൂടുതൽ വ്യക്തമായ വിവരങ്ങൾ സമർപ്പിക്കാനാണ് എസ്ഐടിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്തർ സമർപ്പിച്ച സ്വർണ്ണമുൾപ്പെടെയുള്ള ദേവസ്വം സ്വത്തുക്കളിൽ വലിയ തോതിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നതിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്തുകയാണ് വരും ദിവസങ്ങളിലെ ലക്ഷ്യം. നാളെ നടക്കാൻ പോകുന്ന പരിശോധന കേസിലെ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.













