ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തിയതിനെച്ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. തട്ടിപ്പുകാരനായ ഒരാൾക്ക് എങ്ങനെയാണ് സോണിയാ ഗാന്ധിയെപ്പോലൊരു മുതിർന്ന നേതാവിനെ കാണാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. കോൺഗ്രസ് എംപി അടൂർ പ്രകാശിന് ഇതിൽ പങ്കുണ്ടെന്ന സൂചന നൽകിയ മുഖ്യമന്ത്രി, ഇത്തരം മഹാതട്ടിപ്പുകാർക്ക് ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളിലേക്ക് എങ്ങനെ പ്രവേശനം ലഭിക്കുന്നു എന്നത് ഗൗരവകരമാണെന്നും കൂട്ടിച്ചേർത്തു.
അടൂർ പ്രകാശിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി ശക്തമായി തള്ളി. തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്ന വാർത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വഴി വന്നതാണെന്ന അടൂർ പ്രകാശിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തത് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആരെ ചോദ്യം ചെയ്യണം എന്നത് അന്വേഷണ സംഘത്തിന്റെ തീരുമാനമാണെന്നും അതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ ഇടപെടുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. എസ്ഐടി മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അന്വേഷണത്തെക്കുറിച്ച് ഇതുവരെ ആർക്കും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ചിലർക്ക് ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന പരാതികൾ ഒരിടത്തുനിന്നും വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.













