തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ നിർണായക വഴിത്തിരിവ്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള അടുത്ത ബന്ധവും ഗൂഢാലോചനയിലെ പങ്കുമാണ് അറസ്റ്റിലേക്ക് നയിച്ചത്.
ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന തന്ത്രി, അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തി. ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി പോറ്റിക്ക് അനുമതി നൽകുന്നതിൽ തന്ത്രി വഴിവിട്ട ഇടപെടലുകൾ നടത്തിയതായാണ് സൂചന.
ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ സ്വർണ്ണക്കവർച്ചയെക്കുറിച്ച് തന്ത്രിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ സ്വർണ്ണ അങ്കികളുടെ നിറം മങ്ങിയതിനാൽ അത് നവീകരിക്കാൻ അനുമതി നൽകിയത് തന്ത്രിയായിരുന്നു.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്ത്രിയെക്കൂടി കേസിൽ പ്രതിയാക്കി ഇ.ഡി ഉടൻ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യും.
കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തന്ത്രിയുടെ അറസ്റ്റോടെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഉന്നതതല ബന്ധങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. അറസ്റ്റിന് ശേഷം തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനിടെ, അറസ്റ്റ് നടപടി ഭക്തർക്കിടയിലും ദേവസ്വം വൃത്തങ്ങളിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.













