വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കി വോട്ടുപിടിക്കാന്‍ സിപിഎം ശ്രമം, സജി ചെറിയാന്റെ പ്രസ്താവന  ആപല്‍ക്കരം: ചെന്നിത്തല

വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കി വോട്ടുപിടിക്കാന്‍ സിപിഎം ശ്രമം, സജി ചെറിയാന്റെ പ്രസ്താവന  ആപല്‍ക്കരം: ചെന്നിത്തല

കൊച്ചി: വരാന്‍ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രൂവീകരണ മുണ്ടാക്കി വോട്ടുനേടാനാണ് സിപിഎം ശ്രമിക്കുന്നതെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന അതീവ ഗുരുതരവും ആപല്‍ ക്കരവുമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് സജി ചെറിയാന്‍ കാസര്‍ഗോഡെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ കണക്ക് പറഞ്ഞ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഇത് സിപിഎമ്മിന്റെ കൃത്യമായ അജണ്ടയാണ്. തിരുത്തി പറയാന്‍ ശ്രമിച്ചപ്പോഴും സജി ചെറിയാന്‍ ആവര്‍ത്തിച്ചത് പഴയ കാര്യങ്ങള്‍ തന്നെയാണ്. വര്‍ഗ രാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗീയ രാഷ്ട്രീയത്തെ പുല്‍കുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്. പ്രത്യയശാസ്ത്രങ്ങള്‍ കാറ്റില്‍ പറത്തി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് അവരുടെ ശ്രമം. യുഡിഎഫ് വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാ അത്ത് ഇസ്‌ളാമി ഭരിക്കുമെന്ന് പറഞ്ഞ എ.കെ ബാലനെ പിന്തുണയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറായത് ഇതിന്റെ തെളിവാണ്. സിപിഎം ബോധപൂര്‍വ്വം നടത്തുന്ന വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് പാര്‍ട്ടിയുടെ നയമാണ്. വര്‍ഗീയതയെ എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയം. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. അതേ സമയം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടു പോകുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയും താനും നേതൃത്വം നല്‍കിയ കാലത്തും സാമുദായിക സംഘടനകള്‍ ഞങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്, അതെല്ലാം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ് രീതി.

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും യോജിക്കുന്നതില്‍ തെറ്റില്ല, സാമുദായിക സംഘടനകള്‍ യോജിച്ചു പോകുന്നതാണ് നാടിന് നല്ലത്. എന്‍എസ്എസും എസ്എന്‍ഡിപിയും കേരളത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനങ്ങളാണ്. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ 10 വര്‍ഷമായി കേരളം അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന് നാടിനെ മോചിപ്പിക്കേണ്ടതുണ്ട്. സിപിഎമ്മിന്റെ വര്‍ഗീയ അജണ്ട ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Saji Cherian’s statement is a dangerous attempt by CPM to create communal polarization and garner votes: Chennithala

Share Email
LATEST
More Articles
Top