കാസർകോട് മുനിസിപ്പാലിറ്റിയിലും മലപ്പുറം ജില്ലാ പഞ്ചായത്തിലും വിജയിച്ചവരുടെ പേര് പരിശോധിച്ചാൽ കേരളത്തിലെ വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. സമുദായത്തിന് ഭൂരിപക്ഷമുള്ളവർ മാത്രം ജയിക്കുന്ന സാഹചര്യം ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും കേരളത്തെ ഉത്തർപ്രദേശോ മധ്യപ്രദേശോ ആക്കാൻ അനുവദിക്കരുത് എന്നും ആലപ്പുഴയിൽ നടന്ന പരിപാടിയിൽ മന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് രാഷ്ട്രീയത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഈ പരാമർശം വിദ്വേഷം പടർത്തുന്നതാണെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
വിവാദങ്ങൾ കനത്തതോടെ, തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. മതാടിസ്ഥാനത്തിൽ വോട്ടുകൾ ധ്രുവീകരിക്കപ്പെടുന്ന ബിജെപിയുടെയും ലീഗിന്റെയും രാഷ്ട്രീയ ശൈലിയെയാണ് താൻ വിമർശിച്ചതെന്നും മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിന്റെ പ്രസക്തി വ്യക്തമാക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് മന്ത്രിയുടെ മറുപടി. എന്നാൽ മന്ത്രിയുടെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.













