തിരുവനന്തപുരം: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ സംഘപരിവാര്‍ ഇപ്പോഴും ഭയക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധിയുടെ 78-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആയിരുന്നു മുഖ്യമന്ത്രിയുടെ ഈ ഫേസ് ബുക്ക് പോസ്റ്റ് പരാമര്‍ശം. ഗാന്ധിയേയും അദ്ദേഹത്തിന്റെ ഓര്‍മകളെയും ഭയപ്പെടുന്നതിനാലാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തതെന്നും മുഖ്യമന്ത്രി കുറിച്ചു.
ഗാന്ധിജിയെ കൊലപ്പെടുത്തിയതിലൂടെ വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വര്‍ഗീയ അജണ്ടയാണ് അന്ന് വെളിപ്പെട്ടത്. തേതരത്വത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടും വൈവിധ്യവും വിയോജിപ്പും ഉള്‍ക്കൊള്ളുന്ന ബഹുസ്വര ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനവും കാരണമാണ് ഗാന്ധി കൊല്ലപ്പെട്ടതെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഇന്ന് ജനുവരി 30. ഇന്ത്യയുടെ ഹൃദയത്തിലേയ്ക്ക് സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വര്‍ഷങ്ങള്‍ തികയുകയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ഓര്‍മ്മിപ്പിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ രാഷ്ട്രീയ കൊലപാതകത്തെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ പടത്തലവന്‍ ഒരു ഇന്ത്യക്കാരനാല്‍ തന്നെ വധിക്കപ്പെട്ടത് ലോകം ഞെട്ടലോടെ, അവിശ്വസനീയതയോടെ നോക്കിനിന്ന ദിനം.
ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ എന്ന ഒരു വ്യക്തിയല്ല. അയാള്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ആള്‍രൂപങ്ങളില്‍ ഒന്നു മാത്രമാണ്. വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വര്‍ഗീയ അജണ്ടയാണ് ആ കൊലയാളിയിലൂടെ അന്ന് വെളിപ്പെട്ടത്. ആ വിപത്ത് ഇന്നും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നത് എന്തിനാണ്? ഉത്തരം ലളിതമാണ്. സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന വിദ്വേഷത്തിന്റേയും അപരവല്‍ക്കരണത്തിന്റേയും രാഷ്ട്രീയത്തിന് നേര്‍ വിപരീതമായ ഒന്നാണ് ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും.
വര്‍ഗീയതയിലൂടെ ‘ഒരു രാഷ്ട്രം, ഒരു സംസ്‌കാരം’ എന്ന ഏകശിലാത്മക അജണ്ട അവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും നെഞ്ചോട് ചേര്‍ക്കുന്ന ബഹുസ്വരതയുടെ ഇന്ത്യക്കു വേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടത്. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടതുകൊണ്ടാണ് അന്നവര്‍ അദ്ദേഹത്തെ വധിച്ചത്. ആ ഭയം ഇന്നും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നു.
ഗാന്ധിജിയുടെ ഓര്‍മ്മകളെപ്പോലും സംഘപരിവാര്‍ ഇന്ന് ഭയപ്പെടുകയാണ്. അതിന്റെ ഭാഗമായാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാന്‍ അവര്‍ തയ്യാറായത്. ദരിദ്രരായ മനുഷ്യരില്‍ ഒരാളാണ് താനെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ നിര്‍വീര്യമാക്കാനും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനും കേന്ദ്രം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കേരളം ഉയര്‍ത്തുന്ന ബദല്‍ രാഷ്ട്രീയം ഗാന്ധിജിയുടെ വികേന്ദ്രീകൃത വികസന കാഴ്ചപ്പാടുകളുടെ തുടര്‍ച്ച കൂടിയാണ്.
മതേതരത്വ പൈതൃകത്തെ തകര്‍ത്ത് വര്‍ഗീയതയുടെ മണിമന്ദിരങ്ങള്‍ പണിയുന്നവര്‍ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ കിരാത നിയമങ്ങള്‍ നടപ്പിലാക്കുകയാണ്. ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ശില സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണം.
ചരിത്രത്തെ തിരുത്തി എഴുതാനും വര്‍ഗീയ കൊലയാളികളെ വീരനായകന്മാരായി അവരോധിക്കാനും ശ്രമിക്കുന്ന ശക്തികള്‍ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്. മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും വേട്ടയാടുന്ന വര്‍ഗീയ ഫാസിസത്തിന് മുന്നില്‍ ഇന്ത്യയുടെ മതേതര പൈതൃകം അടിയറവ് വെക്കില്ല എന്ന് നാം പ്രഖ്യാപിക്കേണ്ടതുണ്ട്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വം വര്‍ഗീയ വിരുദ്ധ പോരാട്ടത്തിനുള്ള നിരന്തരമായ ആഹ്വാനമാണ്. അതേറ്റെടുത്ത് ഒറ്റക്കെട്ടായി ജനാധിപത്യ മതേതര ഇന്ത്യക്കായി നമുക്ക് മുന്നേറാം.
Sangh Parivar is still afraid of Gandhiji: Pinarayi Vijayan













