പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിന് തടവ് ശിക്ഷ വിധിച്ച് കോടതി. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. 2022 ജൂൺ 24 ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ചത്.
നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഞ്ച് മണി വരെ കോടതി മുറിയിൽ നിൽക്കണമെന്ന് നിർദേശം. കേസിൽ ഒമ്പതാം പ്രതിയായ പി. സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സരിൻ സംഭവം നടക്കുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലി തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാൽപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം.













