ബസ് യാത്രക്കാരൻ ദീപക്കിൻ്റെ ആത്മഹത്യ: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; പ്രതിക്കെതിരെ പോലീസ് റിപ്പോർട്ട്

ബസ് യാത്രക്കാരൻ ദീപക്കിൻ്റെ ആത്മഹത്യ: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; പ്രതിക്കെതിരെ പോലീസ് റിപ്പോർട്ട്

കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കുകയും ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുകയാണ് ഷിംജിത. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും മെഡിക്കൽ കോളേജ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വീഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം, ഷിംജിത പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബസിലെ മറ്റൊരു യാത്രക്കാരി കണ്ണൂർ സിറ്റി സൈബർ പോലീസിനെ സമീപിച്ചു. വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നുവെന്നുമാണ് പെൺകുട്ടിയുടെ പരാതി. ഈ പരാതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കൾ വിവരാവകാശ അപേക്ഷയും നൽകിയിട്ടുണ്ട്.സോഷ്യൽ മീഡിയയിലൂടെയുള്ള വിചാരണ ഒരാളുടെ ജീവൻ കവർന്നുവെന്നാരോപിച്ച് ഷിംജിതയ്‌ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. എന്നാൽ ഇതുവരെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് അപേക്ഷ നൽകിയിട്ടില്ല. കേസിൽ നിർണ്ണായകമായ മൊബൈൽ ഫോൺ പരിശോധനാ ഫലം പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. കോടതി ഇന്ന് ജാമ്യം അനുവദിക്കുമോ അതോ അന്വേഷണത്തിന്റെ താല്പര്യം മുൻനിർത്തി തള്ളുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Share Email
LATEST
More Articles
Top