കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കുകയും ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് തിരിച്ചടി. ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത ഇതോടെ റിമാൻഡിൽ തുടരും.
കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയാക്കുമെന്നുമുള്ള പോലീസിന്റെ വാദം കോടതി അംഗീകരിച്ചു. സംഭവത്തിൽ ഷിംജിതയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നും സോഷ്യൽ മീഡിയ വിചാരണയിലേക്ക് നയിച്ച സാഹചര്യങ്ങളും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
അതിനിടെ, ഷിംജിത പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബസിലെ മറ്റൊരു യാത്രക്കാരി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ താൻ കൂടി ഉൾപ്പെട്ടതിനാൽ അത് തന്റെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുന്നു എന്നാണ് പെൺകുട്ടിയുടെ പരാതി. ദീപക്കിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ് വരുന്നത്.













