കാരക്കസ്: വെനസ്വേലിയന്‍ പ്രസിഡന്റിന്റെ കാരക്കസിലെ മിറാഫ്‌ലോറസ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപം വെടിവയ്പ്പ്. രാജ്യ തലസ്ഥാനത്ത് രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട് . നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതിന് ശേഷ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രഗസ് തിങ്കളാഴ്ച രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് രാജ്യതലസ്ഥാനത്തെ സംഘര്‍ഷം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
തിങ്കളാഴ്ച വൈകുന്നേരം മിറാഫ്‌ലോറസ് കൊട്ടാരത്തിന് മുകളിലൂടെ അജ്ഞാത ഡ്രോണുകള്‍ പറന്നതായും, സുരക്ഷാ സേന പ്രതികരണമായി വെടിയുതിര്‍ത്തതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ അമേരിക്കയുടെ അറസ്റ്റിലായ വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കോടതിയില്‍ ഹാജരാക്കി. താന്‍ നിരപരാധിയാണെന്നും ഇപ്പോഴും വെനസ്വേലിയന്‍ പ്രസിഡന്റാണെന്നും കോടതിയില്‍ വ്യക്തമാക്കി. നാര്‍ക്കോ-ടെററിസം ഉള്‍പ്പെടെയുള്ള ഒന്നിലധികം കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്.ആയിരക്കണക്കിന് ടണ്‍ കൊക്കെയ്ന്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മഡുറോയും ഭാര്യ സിലിയ ഫ്‌ലോറസും മന്ത്രിമാരും ചേര്‍ന്ന് പ്രവര്‍ത്തിച്ചതായാണ് കുറ്റപത്രം.
‘ഞാന്‍ മാന്യനായ ഒരു മനുഷ്യനാണ്, എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്’ എന്നാണ് മഡുറോ പറഞ്ഞത്. സ്പാനിഷില്‍ ഒരു വ്യാഖ്യാതാവിലൂടെ സംസാരിച്ച അദ്ദേഹത്തിന്റെ ഭാര്യ ഫ്‌ലോറസ്, തന്റെ ഐഡന്റിറ്റി പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ വെനിസ്വേല റിപ്പബ്ലിക്കിന്റെ പ്രഥമ വനിത താനാണെന്ന് പറഞ്ഞു. താന്‍ കുറ്റക്കാരിയല്ലെന്നും നിരപരാധി ആണെന്നും അവര്‍ വ്യക്തമാക്കി.
63 കാരനായ മഡുറോക്കെതിരെ നാര്‍ക്കോ-ടെററിസം, കൊക്കെയ്ന്‍ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, മെഷീന്‍ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കല്‍ തുടങ്ങി മെക്‌സിക്കോയിലെ സിനലോവ, സീറ്റാസ് കാര്‍ട്ടലുകള്‍, കൊളംബിയന്‍ ഫാര്‍ക്ക് വിമതര്‍, വെനിസ്വേലയിലെ ട്രെന്‍ ഡി അരഗ്വ സംഘം തുടങ്ങിയ ഗ്രൂപ്പുകളുമായി കൊക്കെയ്ന്‍ കടത്ത് ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നും അധികൃതര്‍ ആരോപിക്കുന്നു.
Shooting in front of Venezuelan president’s palace: Tensions in the capital













