ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റെയ്ഡ് നടത്തി. കേസിൽ നിർണായക തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം തന്ത്രിയുടെ വസതിയിൽ പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ റെയ്ഡ് മണിക്കൂറുകളോളം നീണ്ടുനിന്നു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തുന്നതിനാണ് എസ്‌ഐടി പ്രധാനമായും ഊന്നൽ നൽകുന്നത്. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും രേഖകളും പരിശോധനയിൽ കണ്ടെടുത്തതായാണ് വിവരം. റെയ്ഡിന് ശേഷം പിടിച്ചെടുത്ത രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
കേസിൽ 13-ാം പ്രതിയായ കണ്ഠരര് രാജീവരരെ നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം 13-ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. തന്ത്രിയുടെ അറിവോടെയാണ് സ്വർണ ഉരുപ്പടികൾ പുറത്തേക്ക് കടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.













