വ്യക്തി അധിക്ഷേപങ്ങളിലേക്ക് കടന്ന് സതീശൻ vs ശിവൻകുട്ടി പോര്, വിഡ്ഢിത്തം മാത്രം പറയുന്ന മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ്, വിനായക് ദാമോദർ സതീശനെന്ന് മന്ത്രിയുടെ തിരിച്ചടി

വ്യക്തി അധിക്ഷേപങ്ങളിലേക്ക് കടന്ന് സതീശൻ vs ശിവൻകുട്ടി പോര്, വിഡ്ഢിത്തം മാത്രം പറയുന്ന മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ്, വിനായക് ദാമോദർ സതീശനെന്ന് മന്ത്രിയുടെ തിരിച്ചടി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള വാക്പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കുന്നു. ശിവൻകുട്ടി വിഡ്ഢിത്തം മാത്രം പറയുന്ന ആളാണെന്നും അണ്ടർവെയർ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ച ചരിത്രമുള്ള ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്നത് നാടിന്റെ ഗതികേടാണെന്നും സതീശൻ പരിഹസിച്ചു. യുഡിഎഫിനെ ഉപദേശിക്കാനും സഭയിൽ മര്യാദ പഠിപ്പിക്കാനും ശിവൻകുട്ടിക്ക് അർഹതയില്ലെന്നും തിരുവനന്തപുരത്ത് നടന്ന സത്യാഗ്രഹ സമരത്തിനിടെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

സതീശന്റെ ആരോപണങ്ങൾക്ക് പിന്നാലെ അതിരൂക്ഷമായ ഭാഷയിലാണ് മന്ത്രി വി. ശിവൻകുട്ടി തിരിച്ചടിച്ചത്. സതീശന്റേത് തരംതാണ പദപ്രയോഗങ്ങളാണെന്നും അണികളെ ആവേശഭരിതരാക്കാൻ മുതിർന്ന നേതാക്കളെപ്പോലും അദ്ദേഹം അധിക്ഷേപിക്കുകയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. താൻ ആർഎസ്എസിനെതിരെ പോരാടുമ്പോൾ സതീശൻ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നുവെന്നും, വി.ഡി. സതീശനല്ല മറിച്ച് ‘വിനായക് ദാമോദർ സതീശൻ’ ആണ് പ്രതിപക്ഷ നേതാവെന്നും മന്ത്രി പരിഹസിച്ചു. ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് ശിവൻകുട്ടിയല്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സതീശൻ കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയായത് കൊണ്ട് തെരുവിൽ മറുപടി പറയാൻ തനിക്ക് പരിമിതികളുണ്ടെന്നും എന്നാൽ സഭയിലെ കയ്യാങ്കളിയെക്കുറിച്ച് സതീശൻ നിരന്തരം പറയുന്നത് അപഹാസ്യമാണെന്നും ശിവൻകുട്ടി പറഞ്ഞു. തങ്ങൾ മാന്യത കാണിക്കുന്നത് കൊണ്ടാണ് തിരിച്ചു പ്രതികരിക്കാത്തത്. തങ്ങൾ പ്രതികരിച്ചാൽ സതീശൻ പേടിച്ചു മൂത്രമൊഴിച്ചു പോകുന്ന അവസ്ഥയുണ്ടാകുമെന്നും മന്ത്രി തിരിച്ചടിച്ചു. മുഖ്യമന്ത്രിയെപ്പോലും വളരെ മോശമായ വാക്കുകളുപയോഗിച്ചാണ് നിയമസഭയിൽ പ്രതിപക്ഷ നേതാവ് നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സോണിയാ ഗാന്ധിയെക്കുറിച്ചുള്ള പരാമർശങ്ങളാണ് സതീശനെ ചൊടിപ്പിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി, ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുമായി നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സോണിയ എംപിയായിരുന്ന ബെല്ലാരിയിൽ സ്വർണ്ണം വിറ്റ വാർത്ത ഞെട്ടിക്കുന്നതാണെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സതീശൻ ഉയർത്തുന്ന പുകമറകൾ ജനങ്ങൾ തിരിച്ചറിയുമെന്നും ശിവൻകുട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.

Share Email
LATEST
More Articles
Top