എ.എസ് ശ്രീകുമാര്‍ – ഫോമാ ന്യൂസ് ടീം
കോട്ടയം: അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026-ന്റെ സമാപന സമ്മേളനത്തില്‍ മലയാളത്തിന്റെ സാംസ്‌കാരിക മുഖമായ ശ്രീകുമാരന്‍ തമ്പി കീനോട്ട് സ്പീക്കറായി വേദിയെ ധന്യമാക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികളുമായി വിവിധ വേദികളില്‍ നേരിട്ട് സംവദിക്കാനെത്തിയിട്ടുള്ള ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘മോഹിനിയാട്ടം’ എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമ എന്ന പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും 1977-ലെ സാന്‍ഫ്രാന്‍സിസ്‌കോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കേരളാ കണ്‍വന്‍ഷനിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഫോമായെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.
കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 3000-ലധികം മലയാള ചലച്ചിത്ര ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതില്‍ അസാമാന്യ വൈഭവം പ്രകടപ്പിക്കുന്ന ശ്രീകുമാരന്‍ തമ്പിയെ ‘ഹ്യദയഗീതങ്ങളുടെ കവി’ എന്നും വിശേഷിപ്പിക്കുന്നു. വയലാര്‍ രാമവര്‍മ്മ, പി ഭാസ്‌കരന്‍, ഒ.എന്‍.വി കുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളാണ് ശ്രീകുമാരന്‍ തമ്പി.
മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം 78 സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചിട്ടുണ്ട്. നാല് കവിതാ സമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവാണ്. ചലച്ചിത്രങ്ങള്‍ക്കു പുറമേ, ടെലിവിഷന്‍ പരമ്പരകള്‍ക്കായും സംഗീത ആല്‍ബങ്ങള്‍ക്കായും ശ്രീകുമാരന്‍ തമ്പി ഗാനരചന നടത്തി.
മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കായി നല്‍കപ്പെടുന്ന ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര-സാഹിത്യ രംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ഫീച്ചര്‍ ഫിലിം ജ്യൂറിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നു.
ഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പും ‘അമ്മയോടൊപ്പം’ ചാരിറ്റി പരിപാടിയും വന്‍ വിജയമായെന്നും കോട്ടയത്തെ നക്ഷത്ര ഹോട്ടലായ വിന്‍ഡ്‌സര്‍ കാസിലില്‍ ജനുവരി 9-ാം തീയതി രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്റെ വിവിധ പരിപാടികള്‍ അരങ്ങേറുന്നതെന്നും ബേബി മണക്കുന്നേല്‍ വ്യക്തമാക്കി. 11-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് എറണാകുളം ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ ബിസിനസ് മീറ്റ് നടക്കും. ശ്രീകുമാരന്‍ തമ്പിയുടെ കേരള കണ്‍വന്‍ഷനിലെ സാന്നിധ്യം അനുഗ്രഹീതമാണെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
Sreekumaran Thampi will deliver the keynote speech in FOMAA Kerala Convention at Windsor Castle Kottayam













