അന്തരിച്ച അജിത് പവാറിന് പകരക്കാരിയായി അദ്ദേഹത്തിന്റെ ഭാര്യയും എം.പിയുമായ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അജിത് പവാർ പക്ഷത്തെ എൻ.സി.പി നിയമസഭാ കക്ഷി യോഗം ചേർന്നാണ് സുനേത്രയെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ‘അജിത് ദാദാ അമർ രഹെ’ എന്ന മുദ്രാവാക്യങ്ങൾക്കിടയിൽ നടന്ന ചടങ്ങിൽ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന നേതാക്കളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തു. നിലവിൽ രാജ്യസഭാ അംഗമായ സുനേത്ര പദവി രാജിവെച്ച് ബാരാമതിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്നും സൂചനയുണ്ട്.
സുനേത്രയ്ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്തെത്തി. സുനേത്ര പവാറിന് എല്ലാ വിധ ആശംസകളും നേരുന്നു എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. ജനങ്ങൾക്കായി അക്ഷീണം പ്രയത്നിക്കുമെന്നും, അജിത് പവാറിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും ഉറപ്പുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം സുനേത്ര പവാർ പദവി ഏറ്റെടുത്തതോടെ എൻ.സി.പിയുടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ വഴിമുട്ടി. സുനേത്രയുടെ സത്യപ്രതിജ്ഞയെക്കുറിച്ച് തന്നോട് ആലോചിച്ചിട്ടില്ലെന്നും ചടങ്ങിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും എൻ.സി.പി സ്ഥാപകൻ ശരദ് പവാർ മാധ്യമങ്ങളോട് പ്രതികരിച്ചു. അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ ഇരു പാർട്ടികളും ലയിക്കാനുള്ള സാധ്യതകൾ ശക്തമായിരുന്നുവെങ്കിലും പുതിയ രാഷ്ട്രീയ നീക്കം ലയനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശരദ് പവാർ നൽകുന്ന സൂചന. ഈ മാസം 17-ന് അജിത് പവാറും ശരദ് പവാറും നടത്തിയ ചർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ലയന താല്പര്യം ശരദ് പവാർ വിഭാഗം അവകാശപ്പെടുന്നത്.
അജിത് പവാറിന്റെ വിയോഗത്തോടെ പാർട്ടി നിയന്ത്രണം പൂർണ്ണമായും ശരദ് പവാറിന്റെയും സുപ്രിയ സുലെയുടെയും കൈകളിലേക്ക് എത്താതിരിക്കാനാണ് അജിത് വിഭാഗത്തിലെ നേതാക്കൾ സുനേത്രയെ മുൻനിർത്തിയുള്ള നീക്കം നടത്തിയത്. പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനവും സുനേത്ര പവാർ ഏറ്റെടുക്കാനാണ് സാധ്യത. സുനേത്ര നേതൃത്വം ഏറ്റെടുക്കുന്നത് ബി.ജെ.പിക്കും ഭരണകക്ഷിക്കും രാഷ്ട്രീയമായി ആശ്വാസം നൽകുന്നുണ്ട്. ലയനം ഉടൻ വേണ്ടെന്നും സുനേത്രയുടെ നേതൃത്വത്തിൽ പാർട്ടി ശക്തിപ്പെട്ട ശേഷം മതി അടുത്ത നീക്കങ്ങളെന്നുമാണ് അജിത് പക്ഷത്തെ പ്രമുഖരുടെ നിലപാട്.













