‘തെരുവുനായ വിഷയത്തിൽ നിങ്ങൾ എന്ത്‌ നടപടി സ്വീകരിച്ചു’, മനേക ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം, ‘കേസെടുക്കാത്തത് മാന്യത കൊണ്ട്’

‘തെരുവുനായ വിഷയത്തിൽ  നിങ്ങൾ എന്ത്‌  നടപടി സ്വീകരിച്ചു’,  മനേക ഗാന്ധിക്ക്  സുപ്രീം  കോടതിയുടെ രൂക്ഷവിമർശനം, ‘കേസെടുക്കാത്തത് മാന്യത കൊണ്ട്’

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ പരസ്യമായി വിമർശിച്ച മുൻ കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായ മനേക ഗാന്ധിക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതി അലക്ഷ്യമായ നടപടിയാണ് മനേക ഗാന്ധിയുടേതെന്ന് നിരീക്ഷിച്ച കോടതി, കേസെടുക്കാത്തത് തങ്ങളുടെ മാന്യത കൊണ്ടാണെന്നും ഓർമ്മിപ്പിച്ചു. മൃഗസ്നേഹിയെന്നും കേന്ദ്രമന്ത്രിയെന്നും അവകാശപ്പെടുന്ന മനേക ഗാന്ധി തെരുവുനായ പ്രശ്നത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു.

വിഷയം പരിഹരിക്കാൻ എത്ര ബജറ്റ് വിഹിതം ലഭ്യമാക്കിയെന്നും, തെരുവുനായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ അതിന് ആര് ഉത്തരവാദിത്തം പറയുമെന്നും സുപ്രീം കോടതി ചോദിച്ചു. സ്കൂളുകൾ, ആശുപത്രികൾ, സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റണമെന്ന ഉത്തരവ് പ്രായോഗികമല്ലെന്ന മനേകയുടെ പ്രസ്താവനയാണ് കോടതിയെ ചൊടിപ്പിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് കോടതി പ്രഥമ പരിഗണന നൽകുന്നതെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നായ്ക്കളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നവർ അവയെ ലൈസൻസുള്ള വളർത്തുമൃഗങ്ങളായി സ്വന്തം വീട്ടിൽ സൂക്ഷിക്കണമെന്നും, അല്ലാതെ റോഡുകളിൽ അലഞ്ഞുതിരിയാൻ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ പഴയ സ്ഥലത്തേക്ക് തന്നെ വിടണമെന്ന രീതി മാറ്റണമെന്നും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ കോടതി, തെറ്റായ പ്രസ്താവനകൾ നടത്തുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പും നൽകി.

Share Email
LATEST
More Articles
Top