സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ റിസോർട്ട് നഗരത്തിൽ പുതുവത്സരാഘോഷങ്ങൾക്കിടെ ബാറിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 40 പേർക്ക് ജീവൻ നഷ്ടമായെന്നാണ് വ്യക്തമാകുന്നത്. നൂറിലധികം പേർക്ക് പരിക്കേറ്റ ദുരന്തം പുലർച്ചെ ആളുകൾ ആഘോഷങ്ങളിൽ മുഴുകിയിരുന്ന സമയത്താണ് ഉണ്ടായത്. തിരക്കേറിയ ഒരു ബാറിലുണ്ടായ അഗ്നിബാധ നിമിഷങ്ങൾക്കകം പടരുകയായിരുന്നു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതുവത്സരപ്പിറവി ആഘോഷിക്കാൻ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഒത്തുചൂടിയ മേഖലയിലായിരുന്നു അപകടം. ഹീറ്ററിൽ നിന്നുള്ള വാതക ചോർച്ചയാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാറിനുള്ളിൽ കുടുങ്ങിപ്പോയവർക്ക് പുക ശ്വസിച്ചും തിക്കിലും തിരക്കിലും പെട്ടുമാണ് ജീവൻ നഷ്ടമായത്. ഫയർ ഫോഴ്സും രക്ഷാപ്രവർത്തകരും മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹെലികോപ്റ്ററുകൾ വഴിയാണ് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.
ദുരന്തത്തിൽ സ്വിസ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പുതുവത്സര സന്തോഷത്തിനിടെയുണ്ടായ ഈ നടുക്കുന്ന സംഭവം ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വിദേശ വിനോദസഞ്ചാരികളും അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ബാറിന്റെ സുരക്ഷാ സംവിധാനങ്ങളിൽ പാളിച്ചയുണ്ടായിരുന്നോ എന്നും അട്ടിമറി സാധ്യതകളുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.













