കീവീസിനെ കെട്ടുകെട്ടിക്കാന്‍ നീലപ്പട ഇന്ന് കാര്യവട്ടത്ത്: ഇന്ത്യ- ന്യൂസിലാന്‍ഡ് ട്വിന്റി 20 പോരാട്ടം രാത്രി ഏഴിന്

കീവീസിനെ കെട്ടുകെട്ടിക്കാന്‍ നീലപ്പട ഇന്ന് കാര്യവട്ടത്ത്: ഇന്ത്യ- ന്യൂസിലാന്‍ഡ്  ട്വിന്റി 20 പോരാട്ടം രാത്രി ഏഴിന്

തിരുവനന്തപുരം: ഇന്ത്യ- ന്യൂസിലാന്‍ഡ് ട്വിന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിനാണ് മത്സരം. അഞ്ചു മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ മൂന്നു മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ ഇതിനോടകം പരമ്പര നേടിക്കഴിഞ്ഞു ട്വിന്റി-20 ലോകകപ്പിന് മത്സരത്തിന് മുമ്പ് നടക്കുന്ന അവസാന മത്സരത്തില്‍ വിജയിച്ച് തങ്ങളുടെ കരുത്ത് പൂര്‍ണമെന്നുറപ്പിക്കാന്‍ ഇന്ത്യയും പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വെന്നിക്കൊടി പാറിച്ച് ലോകകപ്പിലേയ്ക്കുള്ള പ്രയാണത്തില്‍ ശുഭദിശയേകാന്‍ ന്യൂസിലന്‍ഡും ഇറങ്ങുമ്പോള്‍ കാര്യവട്ടത്ത് പോരാട്ടം കനക്കും. തിരുവനന്തപുരംകാരനായ സഞ്ജു സാംസണ്‍ ഇന്ന് മത്സരത്തിനിറങ്ങുമ്പോള്‍ കാണികളുടെ ആവേശം വാനോളമുയരും.

കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയം ട്വിന്റി 20 യില്‍ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാണ്. ഇതിനു മുമ്പ് നടന്ന നാലു ട്വിന്റി20 മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. 2017 നവംബര്‍ ഏഴിനു ന്യൂസിലന്‍ഡുമായി ആയിരുന്നു ആദ്യ പോരാട്ടം . ഈ മത്സരത്തില്‍ ഇന്ത്യ ആറു റണ്‍സിന് വിജയിച്ചു. 2022 സെപ്റ്റംബര്‍ 28 ന് നടന്ന പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ എട്ടു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. 2023 നവംബര്‍ 23 നടന്ന മത്സരത്തില്‍ വമ്പന്‍മാരായ ഓസീസിനെ 44 റണ്‍സിനാണ് തറപറ്റിച്ചത്. 2019-ല്‍ വെസ്റ്റിന്റീഡീഡുമായുള്ള മത്സരത്തില്‍ മാത്രമാണ് ഇന്ത്യ തോല്‍വി രുചിച്ചത്.

സഞ്ജുവും ഇഷാന്‍ കിഷനും ശ്രേയസ് ഐയ്യരുമാണ് ഇന്നലെ കൂടുതല്‍ സമയം ബാറ്റിംഗ് പരിശീലനം നടത്തിയത്. സഞ്ജുവിനു സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്താനുള്ള അവസരമാണ് ഇന്ന് ഒരുങ്ങുക. അതിനു മുന്നോടിയായി ഏറെ സമയം സഞ്ജു ബാറ്റിംഗ് പരിശീലനത്തിനായി ചിലവഴിച്ചു ബുംമ്രയുടെ നേതൃത്വത്തില്‍ ബൗളിംഗ് പ്രാക്ടീസും നടത്തി. ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ഇന്നലെ പരിശീലനത്തിനായി ഇറങ്ങിയില്ല. വൈകുന്നേരം അഞ്ചോടെ പരിശീലനം തുടങ്ങിയ ടീം ഇന്ത്യ കാര്യവട്ടം സ്റ്റേഡിയത്തില്‍ ഒരു മണിക്കൂറിലധികം പരിശീലനം നടത്തി.സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ചാണ് കാര്യവട്ടെത്തെത്തുന്ന ക്രിക്കറ്റ് പ്രേമികളിലേറെയും.

സ്വന്തം തട്ടകത്തില്‍ മിന്നും പ്രകടനം നടത്താന്‍ സഞ്ജുവിന് ഇതില്‍ കൂടുതല്‍ അവസരമില്ല. ശുഭ്മാന്‍ ഗില്ലിനു പകരക്കാരനായി ടീമില്‍ ഇടംപിടിച്ച സഞ്ജു അടിച്ചു തകര്‍ക്കുമെന്ന വിശ്വാസത്തിലാണ് കേരളാ ക്രിക്കറ്റ് ലോകം. കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സഞ്ജുവിന്റെ വീടും സഞ്ജു പഠിച്ച കലാലയവും . ഇതോടെ ഈ മത്സരത്തിനിറങ്ങുമ്പോള്‍ സഞ്ജുവിനും ഒരു ഗൃഹാതുരത്വം അനുഭവപ്പെടുമെന്നു തീര്‍ച്ച..ഇന്ത്യന്‍ നിരയില്‍ ഇഷാന്‍ കിഷന്‍ ഇന്നത്തെ മത്സരത്തില്‍ കളത്തിലിറങ്ങുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇഷാനെ അന്തിമ ഇലവണില്‍ ഉള്‍പ്പെടുത്തിയാല്‍ ഓപ്പണര്‍ സ്ഥാനത്ത് കിഷന് അവസരം ലഭിച്ചേക്കും .

ഇന്നലെ കൂടുതല്‍ സമയവും ഇഷാന്‍ നെറ്റ് പ്രാക്ടീസ് നടത്തിയിരുന്നു. അസ്‌കര്‍ പട്ടേലും ഇന്നത്തെ അന്തമ ഇലവണില്‍ ഉണ്ടായേക്കുമെന്നാണ് സൂചന .കീവീസിനായി അവരുടെ ഓപ്പണര്‍ ബാറ്റ്സ്മാന്‍ ഡെവണ്‍ കോണ്‍വേ ഇന്നത്തെ മത്സരത്തിനിറങ്ങുമോ എന്ന ചോദ്യവുമുയരുന്നു. ഫിന്‍ അലനെ ഓപ്പണറായി ഇറക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ലോകകപ്പ് പരിഗണിച്ച് ഇന്ത്യന്‍ സാഹചര്യവുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ ഫിന്‍ അലന് കീവീസ് അവസരം നല്കിയേക്കും. 184.86 ശരാശരിയില്‍ 466 റണ്‍സാണ് ഫിന്‍ ട്വിന്റി20യില്‍ നേടിയിട്ടുള്ളത്.

The Blues are in action today to tie down the Kiwis: India-New Zealand Twenty20 clash at 7 pm

Share Email
Top