ന്യൂഡൽഹി: നാല് വർഷത്തിലധികമായി വിചാരണ കൂടാതെ തടവിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും തള്ളിയതിന്റെ വേദന പങ്കുവെച്ച് പങ്കാളി ബനോജ്യോത്സ്ന ലാഹിരി. ജാമ്യം നിഷേധിക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ “ഇതാണ് ഇനി എന്റെ ജീവിതം” (This is my life now) എന്നാണ് ഉമർ ഖാലിദ് തന്നോട് പറഞ്ഞതെന്ന് ബനോജ്യോത്സ്ന വെളിപ്പെടുത്തി. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രതീക്ഷിച്ച ജാമ്യം ലഭിക്കാത്തതിന്റെ കടുത്ത നിരാശയിലാണ് അദ്ദേഹമെന്നും അവർ കൂട്ടിച്ചേർത്തു.
2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസിലാണ് ഉമർ ഖാലിദ് യു.എ.പി.എ പ്രകാരം അറസ്റ്റിലായത്. വർഷങ്ങളായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ മോചനത്തിനായി കുടുംബവും സുഹൃത്തുക്കളും വലിയ പോരാട്ടമാണ് നടത്തുന്നത്. എന്നാൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകാത്തത് നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷകളെ ബാധിക്കുന്നുവെന്ന് ബനോജ്യോത്സ്ന എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജയിലിലെ ഏകാന്തതയും അനിശ്ചിതത്വവും ഉമറിനെ തളർത്തുന്നുണ്ടെങ്കിലും അദ്ദേഹം തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായും അവർ വ്യക്തമാക്കി. ജാമ്യം ലഭിക്കുമെന്ന വലിയ പ്രതീക്ഷയോടെയാണ് ഓരോ തവണയും കോടതിയെ സമീപിക്കുന്നത്, എന്നാൽ ഓരോ വട്ടവും നിരാശയാണ് ഫലം. എങ്കിലും നിയമപരമായ പോരാട്ടം തുടരുമെന്നും തന്റെ പങ്കാളിയുടെ നീതിക്കായി കൂടെ നിൽക്കുമെന്നും ബനോജ്യോത്സ്ന പറഞ്ഞു.












