‘കേരളത്തിൽ യുഡിഎഫ് തരംഗം’;; നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി; തദ്ദേശ വിജയം ആഘോഷിച്ചു

‘കേരളത്തിൽ യുഡിഎഫ് തരംഗം’;; നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി; തദ്ദേശ വിജയം ആഘോഷിച്ചു

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) നേടിയത് സമാനതകളില്ലാത്ത മികച്ച വിജയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൊച്ചിയിൽ നടന്ന കെപിസിസിയുടെ ‘മഹാപഞ്ചായത്ത്’ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളിൽ ജനങ്ങൾ നൽകിയ ഈ പിന്തുണ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി അധികാരം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജനാധിപത്യ സംവിധാനത്തിന്റെ യഥാർത്ഥ അടിത്തറ ഗ്രാമപഞ്ചായത്തുകളാണെന്നും ആ തലത്തിൽ യുഡിഎഫ് നേടിയ വിജയം ഏറെ ആഹ്ലാദകരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയുടെ നിലനിൽപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഓരോ വ്യക്തിയുടെയും വോട്ട് സംരക്ഷിക്കപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ ശൈലിയാകും കോൺഗ്രസ് വരും ദിവസങ്ങളിലും പിന്തുടരുകയെന്നും അദ്ദേഹം ഉറപ്പുനൽകി.ആർഎസ്എസും ബിജെപിയും അധികാര കേന്ദ്രീകരണത്തിനായി ശ്രമിക്കുമ്പോൾ, അധികാരം ജനങ്ങളിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഭരണസംവിധാനങ്ങളെ വരുതിയിലാക്കി ജനതയെ തങ്ങളുടെ ആശയങ്ങൾക്ക് അടിമപ്പെടുത്താനാണ് സംഘപരിവാർ നീക്കം. എന്നാൽ ജനങ്ങളുടെ ശബ്ദം കേൾക്കാനും അത് കേൾപ്പിക്കാനുമാണ് കോൺഗ്രസ് നിലകൊള്ളുന്നത്. ബിജെപിയുടെയും ആർഎസ്എസിന്റെയും വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ താക്കീതാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

Share Email
LATEST
More Articles
Top