വയനാട് സുൽത്താൻ ബത്തേരിയിൽ സമാപിച്ച കോൺഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026ൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 100-ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് കേവലം ഒരു മുന്നണിയല്ലെന്നും കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ പ്ലാറ്റ്‌ഫോമായ ടീം യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സഹയാത്രികർ യുഡിഎഫ് ക്യാമ്പിലേക്ക് എത്തുമെന്നും രാഷ്ട്രീയ കേരളം വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ യുഡിഎഫിനേക്കാൾ കൂടുതൽ കേരളത്തിലെ ജനങ്ങളാണ് ആഗ്രഹിക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് അധികാരത്തിലെത്തിയാൽ നികുതി വരുമാനം വർദ്ധിപ്പിക്കുമെന്നും നിലവിൽ നികുതി കൊള്ള നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി. എൽഡിഎഫ് ഇന്ന് പൂർണ്ണമായും ശിഥിലമായ അവസ്ഥയിലാണെന്നും ജനങ്ങളോട് നീതി പുലർത്തുക എന്ന ചരിത്രപരമായ ദൗത്യമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തർക്കമുണ്ടെന്ന പ്രചാരണം സിപിഎമ്മിന്റെ തന്ത്രമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ആർക്കും പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് കരുത്തരായ നേതാക്കളുടെ വലിയ നിര തന്നെയുണ്ട്. എൽഡിഎഫ് വിരുദ്ധ വികാരം വോട്ടായി മാറ്റാൻ ടീം കെപിസിസി സജ്ജമാണെന്നും അദ്ദേഹം ക്യാമ്പിൽ അറിയിച്ചു.
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് സമാനമായ മുന്നേറ്റം ലക്ഷ്യമിടുന്ന മിഷൻ-2026 പദ്ധതിയും പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു. ക്രിസ്ത്യൻ വിഭാഗങ്ങൾ മുന്നണിയിലേക്ക് തിരിച്ചുവന്നതും മുസ്ലിം സമുദായം യുഡിഎഫിനോട് കൂടുതൽ അടുത്തതും വലിയ പ്രതീക്ഷയാണ് നൽകുന്നത്. സഭകളിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തടയാൻ കോൺഗ്രസിന് സാധിച്ചുവെന്നും മിഷൻ രേഖയിൽ വ്യക്തമാക്കുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഹൈന്ദവ വോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സിപിഎം നേതാക്കളുടെ പങ്ക് സ്വർണ്ണക്കടത്തിൽ പുറത്തുവരുമെന്നും ഇത് ഭരണകൂടത്തിന്റെ തകർച്ച വേഗത്തിലാക്കുമെന്നും മിഷൻ-2026ൽ പറയുന്നു. താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കി നൂറു സീറ്റുകൾ എന്ന ലക്ഷ്യം കൈവരിക്കാനുള്ള കൃത്യമായ കർമ്മപദ്ധതിയാണ് വയനാട് നേതൃക്യാമ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്.













