കേന്ദ്ര ബജറ്റ് 2026 ൽ കേരളത്തിന് ആവോളം പ്രതീക്ഷ, മുന്നോട്ടുവച്ചത് 29 ആവശ്യങ്ങൾ, പ്രത്യേക സാമ്പത്തിക പാക്കേജിലടക്കം ഉറ്റുനോക്കി സംസ്ഥാനം

കേന്ദ്ര ബജറ്റ് 2026 ൽ കേരളത്തിന് ആവോളം പ്രതീക്ഷ, മുന്നോട്ടുവച്ചത് 29 ആവശ്യങ്ങൾ, പ്രത്യേക സാമ്പത്തിക പാക്കേജിലടക്കം ഉറ്റുനോക്കി സംസ്ഥാനം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ രാവിലെ 11-ന് പാർലമെന്റിൽ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമന്റെ തുടർച്ചയായ ഒൻപതാമത് ബജറ്റാണിത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിന് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. കേരളത്തിന്റെ വികസനത്തിനായി 29 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ തന്നെ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.

സംസ്ഥാനം പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത് 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ്. ഇതിനുപുറമെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇടനാഴി (DRDO Corridor), റെയർ എർത്ത് കോറിഡോർ എന്നിവയും കേരളം പ്രതീക്ഷിക്കുന്നുണ്ട്. വന്യജീവി ആക്രമണങ്ങളും കൃഷിനാശവും തടയുന്നതിനുള്ള പ്രതിരോധ പദ്ധതികൾക്കായി 1,000 കോടി രൂപയുടെ സഹായവും സംസ്ഥാനം കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലും ആഭ്യന്തര ഉൽപ്പാദന മേഖലയിലും കേരളത്തിന് ഗുണകരമായ പദ്ധതികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കേരളത്തിന് പുറമെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കും ബജറ്റിൽ പ്രത്യേക പരിഗണന ലഭിക്കാൻ സാധ്യതയുണ്ട്. വ്യക്തിഗത ആദായനികുതിയിലെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തുമോ എന്നാണ് സാധാരണക്കാരായ നികുതിദായകർ ഉറ്റുനോക്കുന്നത്. ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ സാധാരണക്കാരുടെ കയ്യിൽ കൂടുതൽ പണമെത്തുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ധനമന്ത്രിയിൽ നിന്ന് ഉണ്ടാകുമോ എന്നാണ് രാജ്യം മുഴുവൻ കാത്തിരിക്കുന്നത്.

Share Email
LATEST
More Articles
Top