അമേരിക്കൻ പൗരന്മാരെ വിവാഹം കഴിക്കുന്നതിലൂടെ ഗ്രീൻ കാർഡ് ലഭിക്കുമെന്ന ധാരണ ഇനി മാറുമെന്ന് പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ മുന്നറിയിപ്പ് നൽകി. പുതിയ ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ യുഎസ് ഇമിഗ്രേഷൻ വിഭാഗം വിവാഹാധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകളിൽ കടുപ്പമേറിയ പരിശോധനകൾ ഏർപ്പെടുത്താനൊരുങ്ങുകയാണ്. വിവാഹം യഥാർത്ഥമാണോ അതോ ഇമിഗ്രേഷൻ ആനുകൂല്യങ്ങൾക്കായുള്ള തട്ടിപ്പാണോ എന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്നും, അത് മൗലികാവകാശമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായി പരിഗണിക്കപ്പെടുന്നത്. ജോലി അല്ലെങ്കിൽ പഠനം പോലുള്ള കാരണങ്ങളാൽ അകന്നു താമസിക്കുന്നത് പോലും തട്ടിപ്പായി കണക്കാക്കപ്പെടാം. വിവാഹത്തിന്റെ ഉദ്ദേശശുദ്ധി തെളിയിക്കാൻ മതിയായ രേഖകളും സാഹചര്യങ്ങളും നിർബന്ധമാണ്. അപേക്ഷകൾ നിരസിക്കാൻ അധികൃതർക്ക് അധികാരമുണ്ടെന്നും, കോടതികൾക്ക് ഇടപെടാൻ പരിമിതികളുണ്ടെന്നും അറ്റോർണി ചൂണ്ടിക്കാട്ടി.
കുടിയേറ്റക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള മാർഗമായ വിവാഹാധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകളെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ. തട്ടിപ്പുകൾ തടയാനും പൗരത്വത്തിലേക്കുള്ള എളുപ്പവഴികൾ അടയ്ക്കാനുമാണ് യുഎസ് ലക്ഷ്യമിടുന്നത്. അനധികൃത ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഈ നടപടികൾ കൂടുതൽ കടുപ്പമേറിയതാകുമെന്നാണ് സൂചന.













