അമേരിക്കൻ സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ പിടിയിലായതിനെത്തുടർന്ന് നിലനിൽക്കുന്ന അസ്ഥിരതയിൽ ഇന്ത്യ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. വെനസ്വേലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവിടുത്തെ ജനതയ്ക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ പ്രതിസന്ധികൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മന്ത്രാലയം കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നുമാണ് നിർദ്ദേശം. കാരക്കാസിലെ ഇന്ത്യൻ എംബസി പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ സഹായം തേടണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതിനിടെ, ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ നിന്നുള്ള നിക്കോളാസ് മഡൂറോയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. അമേരിക്കയുടെ പിടിയിലായിട്ടും തളരാതെ ജയിൽ ഉദ്യോഗസ്ഥർക്കിടയിൽ പുഞ്ചിരിയോടെ തംപ്സ് അപ് കാട്ടി നിൽക്കുന്ന മഡൂറോയുടെ ചിത്രങ്ങൾ ലോകശ്രദ്ധ നേടി. ശനിയാഴ്ച നടന്ന സൈനിക നീക്കത്തിൽ ഭാര്യയോടൊപ്പം പിടിയിലായ അദ്ദേഹത്തെ വിചാരണ കഴിയുന്നത് വരെ ബ്രൂക്ലിനിൽ പാർപ്പിക്കാനാണ് യുഎസ് തീരുമാനം.













