കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലം കളമശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം മുസ്ലിം ലീഗിന്റെ കരുത്തുറ്റ സംഘാടകനും നേതാവുമായിരുന്നു. നാല് വട്ടം എംഎൽഎ ആയി.
യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് പൊതുമരാമത്ത്, വ്യവസായം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ളത് ഇബ്രാഹിം കുഞ്ഞ് ആയിരുന്നു. പിന്നീട് പാലാരിവട്ടം അഴിമതി കേസ് അദ്ദേഹത്തിന് എതിരെ ഉയർന്നു. കൊച്ചി മെട്രോ ഉൾപ്പെടെയുള്ള വൻകിട പദ്ധതികളുടെ തുടക്കകാലത്ത് അദ്ദേഹം നൽകിയ നേതൃത്വം ശ്രദ്ധേയമായിരുന്നു. മുസ്ലിം ലീഗിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം പാർട്ടിയിലെ സൗമ്യമായ മുഖമായാണ് അറിയപ്പെട്ടിരുന്നത്.













