വർക്ക് പെർമിറ്റ് കാലാവധി കഴിയുന്നത് വലിയ പ്രതിസന്ധി, കാനഡയിൽ പത്ത് ലക്ഷത്തോളം ഇന്ത്യക്കാർ കുടുങ്ങുന്നു

വർക്ക് പെർമിറ്റ് കാലാവധി കഴിയുന്നത് വലിയ പ്രതിസന്ധി, കാനഡയിൽ പത്ത് ലക്ഷത്തോളം ഇന്ത്യക്കാർ കുടുങ്ങുന്നു

കാനഡയിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാർ നിയമപരമായ താമസരേഖകൾ നഷ്ടമാകുമെന്ന ഭീഷണിയിലാണെന്ന് റിപ്പോർട്ടുകൾ. വർക്ക് പെർമിറ്റുകളുടെ കാലാവധി അവസാനിക്കുന്നതാണ് പ്രധാന പ്രതിസന്ധി. 2025 അവസാനത്തോടെ പത്ത് ലക്ഷത്തിലധികം വർക്ക് പെർമിറ്റുകളുടെ കാലാവധി കഴിഞ്ഞതായും 2026-ൽ ഒമ്പത് ലക്ഷത്തിലധികം പെർമിറ്റുകൾ കൂടി അവസാനിക്കുമെന്നും ഇമിഗ്രേഷൻ രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ പകുതിയോളം പേർ ഇന്ത്യക്കാരാണെന്നാണ് കണക്കാക്കപ്പെടുന്നത്. പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവരുടെ എണ്ണം വർദ്ധിക്കുന്നത് കാനഡയിൽ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്കും വഴിതെളിക്കുന്നുണ്ട്.

കാനഡ സർക്കാർ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതാണ് നിലവിലെ സാഹചര്യം വഷളാക്കിയത്. താൽക്കാലിക തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും സ്ഥിരതാമസത്തിന് ലഭിച്ചിരുന്ന ഇളവുകൾ വെട്ടിക്കുറച്ചു. 2026-ന്റെ ആദ്യ പകുതിയോടെ ഏകദേശം രണ്ട് ദശലക്ഷം ആളുകൾ കാനഡയിൽ മതിയായ രേഖകളില്ലാതെ കഴിയേണ്ടി വരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ടൊറന്റോയിലെ ബ്രാംപ്റ്റൺ പോലുള്ള നഗരങ്ങളിൽ താമസസൗകര്യം ലഭിക്കാത്തതിനെത്തുടർന്ന് ആളുകൾ കാടുകളിലും ടെന്റുകളിലും അന്തിയുറങ്ങുന്ന ദയനീയ കാഴ്ചകൾ പുറത്തുവന്നിട്ടുണ്ട്.

മതിയായ രേഖകളില്ലാത്ത പലരും തുച്ഛമായ കൂലിക്ക് അനധികൃതമായി ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണ്. ഈ സാഹചര്യം മുതലെടുത്ത് വ്യാജ വിവാഹങ്ങൾക്കും മറ്റും സഹായിക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, കുടിയേറ്റ തൊഴിലാളികൾക്ക് കാനഡയിൽ തുടരാൻ നിയമപരമായ വഴികൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ‘നൗജവാൻ സപ്പോർട്ട് നെറ്റ്‌വർക്ക്’ പോലുള്ള സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. “ജോലി ചെയ്യാൻ യോഗ്യതയുള്ളവർക്ക് അവിടെ താമസിക്കാനും യോഗ്യതയുണ്ട്” എന്ന മുദ്രാവാക്യമുയർത്തി ജനുവരിയിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ നടക്കുമെന്നാണ് സൂചന.


Share Email
Top