മിനിയാപൊളിസിൽ യുഎസ് ഇമിഗ്രേഷൻ ഏജൻ്റിൻ്റെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടു, പ്രതിഷേധം വ്യാപിക്കുന്നു

മിനിയാപൊളിസിൽ യുഎസ് ഇമിഗ്രേഷൻ ഏജൻ്റിൻ്റെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടു, പ്രതിഷേധം വ്യാപിക്കുന്നു

വാഷിംഗ്ടൺ: മിനിയാപൊളിസിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡിനിടെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജൻ്റിൻ്റെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ട്. റെനെ നിക്കോൾ ഗുഡ് എന്ന 37 വയസ്സുള്ള യുഎസ് പൗരയാണ് കൊല്ലപ്പെട്ടത്. അവർ അവിടെ ഒരു നിരീക്ഷകയായി പ്രവർത്തിക്കുകയായിരുന്നുവെന്നും ഏജന്റുമാരുടെ ലക്ഷ്യമായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

മിനിയാപൊളിസിലെ ഈസ്റ്റ് 34-ാം സ്ട്രീറ്റിലും പോർട്ട്ലാൻഡ് അവന്യൂവിലും നടന്ന ഒരു ഇമിഗ്രേഷൻ ഓപ്പറേഷനിടെയാണ് വെടിവയ്പുണ്ടായത്. റെനെ തന്റെ വാഹനം ഓടിച്ചുകയറ്റി ഏജന്റുമാരെ അപായപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് ഹോംലാൻഡ് സെക്രട്ടറി ക്രിസ്റ്റി നോം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേയും ഗവർണർ ടിം വാൽസും ഈ വാദം തള്ളിക്കളഞ്ഞു. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ വാഹനം ഏജന്റുമാർക്ക് നേരെ ഓടിച്ചു കയറ്റുന്നതായി കാണുന്നില്ലെന്ന് അവർ പറഞ്ഞു.

“ഐസിഇ ഉടൻ നഗരവും സംസ്ഥാനവും വിടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങളുടെ കുടിയേറ്റ, അഭയാർത്ഥി സമൂഹങ്ങളോടൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു,” ഫ്രേ സോഷ്യൽ മീഡിയയിൽ പറഞ്ഞു.

വെടിവയ്പ്പിനെത്തുടർന്ന്, 2020 മെയ് മാസത്തിൽ ജോർജ്ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു മൈലിൽ താഴെ മാത്രം അകലെയുള്ള പ്രദേശത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി. പ്രതിഷേധം വ്യാപിക്കുകയാണ്. ഇതോടെ നാഷനൽ ഗാർഡുകളെ വിന്യസിക്കാൻ സാധ്യതയേറുകയാണ്

അതേസമയം, ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള പ്രധാന അമേരിക്കൻ നഗരങ്ങളിൽ നടക്കുന്ന ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടപടികളുടെ നാടകീയമായ വർദ്ധനവാണ് വെടിവയ്പ്പ് സൂചിപ്പിക്കുന്നത്. 2024 മുതലുള്ള ഐസിഇ റെയ്ഡിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വ്യക്തിയാണിത്.

Share Email
LATEST
More Articles
Top