5 പേർക്ക് പുതുജീവനേകിയ 10 മാസക്കാരി ആലിൻ എന്നും ജീവിക്കും! കേരളം ഒന്നാകെ ഹൃദയപൂർവ്വം സല്യൂട്ട് അടിച്ചു, വഴിമാറി, ചരിത്രം പിറന്നു

5 പേർക്ക് പുതുജീവനേകിയ 10 മാസക്കാരി ആലിൻ എന്നും ജീവിക്കും! കേരളം ഒന്നാകെ ഹൃദയപൂർവ്വം സല്യൂട്ട് അടിച്ചു, വഴിമാറി, ചരിത്രം പിറന്നു

മരണാനന്തര അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം മടങ്ങി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന ചരിത്രം കുറിച്ചാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റയും ഷെറിൻ ആൻ ജോണിന്റെയും മകൾ വിടവാങ്ങിയത്. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, നേത്രപടലങ്ങൾ എന്നിവയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ആലിന്റെ കരൾ സ്വീകരിക്കുന്നതിലൂടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞ് അവയവം സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും മാറി.

ഫെബ്രുവരി അഞ്ചിന് പള്ളം ബോർമ കവല ജംഗ്ഷന് സമീപം നടന്ന കാറപകടത്തിലാണ് ആലിന് മസ്തിഷ്ക മരണം സംഭവിച്ചത്. തീവ്രദുഃഖത്തിനിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കൾക്ക് വഴിയൊരുക്കാൻ കേരളം ഒന്നടങ്കം കൈകോർത്തു. അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അവയവങ്ങളുമായി പോയ ആംബുലൻസിന് തടസ്സമില്ലാതെ കടന്നുപോകാൻ പോലീസും പൊതുജനങ്ങളും ഗ്രീൻ ചാനൽ ഒരുക്കി. കരൾ കിംസ് ആശുപത്രിയിലേക്കും, വൃക്കകൾ എസ്.എ.ടി. ആശുപത്രിയിലേക്കും, ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും, നേത്രപടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്.

രാത്രി ഏഴ് മണിയോടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് മിന്നൽ വേഗത്തിലാണ് തിരുവനന്തപുരത്തെത്തിയത്. സ്വന്തം കുഞ്ഞിന്റെ വിയോഗത്തിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തീരുമാനമെടുത്ത മാതാപിതാക്കളെ സോഷ്യൽ മീഡിയയടക്കം അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. അഞ്ചുപേരിലൂടെ ആലിൻ ഇനി ജീവിക്കുമെന്ന ആശ്വാസത്തിലാണ് ആ കുടുംബം. മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശേഷം നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ശസ്ത്രക്രിയയും അവയവ കൈമാറ്റവും നടന്നത്.

Share Email
LATEST
More Articles
Top