തിരുവനന്തപുരം: പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണവുമായി തിരുവല്ലയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് ഉടമ എൻ.എം. രാജു രംഗത്ത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ പക്കൽ നിന്ന് ആന്റോ ആന്റണി രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും അത് പൂർണ്ണമായി മടക്കി നൽകിയില്ലെന്നുമാണ് ആരോപണം. രണ്ട് മാസത്തിനകം തിരികെ നൽകാം എന്ന ഉറപ്പിലാണ് പണം നൽകിയതെന്നും എന്നാൽ ഇതുവരെ 20 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നും രാജു വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
പലതവണ കരഞ്ഞു കാലുപിടിച്ച് ആവശ്യപ്പെട്ടിട്ടും പണം നൽകാൻ എം.പി തയ്യാറായില്ലെന്ന് എൻ.എം. രാജു പറഞ്ഞു. നിക്ഷേപകരുടെ പണമാണ് ഇത്തരത്തിൽ നൽകിയതെന്നും ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇ.ഡി) ക്രൈംബ്രാഞ്ചിനെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിബന്ധത്തിന്റെ പുറത്ത് രേഖകളൊന്നുമില്ലാതെയാണ് പണം കൈമാറിയത്. അന്നത്തെ പത്തനംതിട്ട ഡി.സി.സി ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് പണം നൽകിയതെന്നും രാജു ആരോപിക്കുന്നു.
അതേസമയം, ആരോപണങ്ങൾ തള്ളിക്കൊണ്ട് ആന്റോ ആന്റണി എം.പി രംഗത്തെത്തി. നെടുംപറമ്പിൽ ഫിനാൻസിൽ നിന്ന് പണം വാങ്ങിയ കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും അത് തിരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള സംഭാവനയായാണ് സ്വീകരിച്ചതെന്നാണ് എം.പിയുടെ വിശദീകരണം. വാങ്ങിയ പണം കൃത്യമായി തിരികെ നൽകിയിട്ടുണ്ടെന്നും ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം മുറുകുന്നതിനിടെയാണ് എം.പിക്കെതിരെയുള്ള ഈ പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.













