ഷില്ലോംഗ് : മേഘാലയയിലെ കല്‍ക്കരിഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയെന്നു അധികൃതര്‍ വ്യക്തമാക്കി. മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ മലനിരയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ വ്യാഴാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു പിന്നാലെ ആദ്യഘട്ടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം ഖനിയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പരിക്കേറ്റ നിലയില്‍ ഖനിയില്‍ നിന്നും മൂന്ന് പേരുടെ കൂടി ജീവന്‍ നഷ്ടമായതായി എസ്പി വികാഷ് കുമാര്‍ പറഞ്ഞു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.സ്‌ഫോടനത്തില്‍ പരിക്കേറ്റ ഏഴ് പേര്‍ മേഘാലയയിലെയും അസമിലെയും ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, മെഡിക്കല്‍ ടീമുകളാണ് തിരിച്ചില്‍ നടത്തുന്നത്.
സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു.ഉത്തരവാദിത്തപ്പെട്ടവര്‍ കര്‍ശനമായ നിയമനടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ ഉറപ്പ് നല്‍കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മേഘാലയ സര്‍ക്കാര്‍ 3 ലക്ഷം രൂപയും അസം സര്‍ക്കാര്‍ 5 ലക്ഷം രൂപയും പ്രഖ്യാപിച്ചു. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 17 എണ്ണം ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.
25 killed in coal mine explosion in Meghalaya













