ദില്ലി : ഭീകരസംഘടനകളുമായി ബന്ധമെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെയാണ് തമിഴ്നാട്ടിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമായി ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത്. ആറ് പേരെ തമിഴ്നാട്ടിൽ നിന്നും രണ്ട് പേരെ പശ്ചിമ ബംഗാളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിൽ നിന്നുള്ളവരും ഇവരിൽ ഉൾപ്പെടുന്നു. ഇവർക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും
ഭീകരാക്രമണപദ്ധതിയുടെ ഭാഗമാണെന്നുമാണ് പൊലീസ് വാദം.
ദില്ലിയിൽ ഭീകരാക്രമണം നടത്തുമെന്ന പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. വിദേശ ഹാൻഡിലേഴ്സിന്റെ നിർദ്ദേശപ്രകാരം സ്ഫോടനങ്ങൾക്ക് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് പിടികൂടിയതെന്നും ദില്ലി പൊലീസ് പറയുന്നു. പ്രതികൾ തിരിച്ചറിയലിനായി വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പോലീസ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്ത് ഡൽഹി പോലീസിന് കൈമാറി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.













