നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം; നീതിക്കായി ‘അവൾക്കൊപ്പം’ ക്യാമ്പെയിൻ സജീവമാക്കി ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം; നീതിക്കായി ‘അവൾക്കൊപ്പം’ ക്യാമ്പെയിൻ സജീവമാക്കി ഡബ്ല്യുസിസി

കേരള മനസാക്ഷിയെ നടുക്കിയ കൊച്ചി നടി ആക്രമണ കേസിന് ഒൻപത് വർഷം തികയുമ്പോൾ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘അവൾക്കൊപ്പം’ ക്യാമ്പെയിൻ വീണ്ടും സജീവമാക്കുകയാണ് വുമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). 2017 ഫെബ്രുവരി 17-നായിരുന്നു നടി ആക്രമിക്കപ്പെട്ടത്. ഒൻപത് വർഷം പിന്നിടുമ്പോഴും നീതി എത്രത്തോളം നടപ്പിലായി എന്ന ചോദ്യമുയർത്തി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നാളെ വൈകിട്ട് ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കും. അനീതിക്കെതിരെ സധൈര്യം പോരാടിയ അതിജീവിതയ്ക്കുള്ള പിന്തുണയും വെളിച്ചത്തിന്റെ തിരി തെളിയിക്കാനുള്ള ആഹ്വാനവുമാണ് സംഘടന മുന്നോട്ടുവെക്കുന്നത്.

ക്രിമിനൽ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ആക്രമിച്ചെന്ന കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. പൾസർ സുനി ഉൾപ്പെടെയുള്ള ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ഇവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. നടിയെ വാഹനത്തിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്തത് തെളിഞ്ഞതായാണ് കോടതി നിരീക്ഷിച്ചത്. എന്നാൽ, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ച എട്ടാം പ്രതി നടൻ ദിലീപ് അടക്കം നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വാദം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ വിധി പ്രസ്താവം. എന്നാൽ നിയമപോരാട്ടം തുടരുന്ന പശ്ചാത്തലത്തിൽ, ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കി മാറ്റാനുള്ള തങ്ങളുടെ ശ്രമം തുടരുമെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ചെറിയ പങ്കുവഹിക്കാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചുവെന്നും നീതിക്കായുള്ള യാത്രയിൽ ഏവരും പങ്കാളികളാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഡബ്യു സി സി ഫേസ്ബുക്ക് കുറിപ്പ് ഇപ്രകാരം

2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ 9 വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാൻ നിരന്തരം പ്രവർത്തിച്ചു. പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്യു സി സി അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവർക്കും ഒപ്പം നിൽക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാൻ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം.

Share Email
LATEST
More Articles
Top