നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിന്റെ വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ പരിശോധിച്ചതിൽ കോടതി പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും സർക്കാർ അപ്പീലിൽ ആരോപിക്കുന്നു. കേസിലെ പ്രധാന പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന നിർണായകമായ ആറ് സാഹചര്യങ്ങൾ കോടതി അവിശ്വസിച്ചത് നീതിയുക്തമല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ദിലീപിന് ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനി അയച്ച കത്ത് വിചാരണക്കോടതി തള്ളിയത് തെറ്റായ നടപടിയാണെന്ന് അപ്പീലിൽ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിയതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കോടതി അത് അവഗണിച്ചു. ദിലീപിന്റെ സഹോദരന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങളുടെ വിവരണം ഇതിന് തെളിവാണ്. മണിക്കൂറുകളോളം ദൃശ്യങ്ങൾ കാണാതെ ഇത്തരമൊരു വിവരണം എഴുതിയെടുക്കാൻ കഴിയില്ലെന്ന വസ്തുത കോടതി പരിഗണിച്ചില്ലെന്നും സർക്കാർ വാദിക്കുന്നു.
കേസിലെ നിർണായക സാക്ഷികളെ വിശ്വാസത്തിലെടുക്കാതെയാണ് വിചാരണക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് അപ്പീൽ ചൂണ്ടിക്കാട്ടുന്നു. ദിലീപിന് അനുകൂലമായ രീതിയിൽ തെളിവുകളെ വ്യാഖ്യാനിച്ച കോടതി നടപടി റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. വിചാരണ വേളയിൽ ഉന്നയിക്കപ്പെട്ട പല ശാസ്ത്രീയ തെളിവുകളും അവഗണിക്കപ്പെട്ടത് നീതിനിർവ്വഹണത്തെ ബാധിച്ചുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ സർക്കാർ വ്യക്തമാക്കി.













